Thanks for watching! Content unlocked for this session.

വെറും യാത്രയയപ്പ് അല്ല, 13 ലക്ഷത്തിന്റെ കാറാണ് സമ്മാനിച്ചത്; വിരമിക്കൽ ചടങ്ങിൽ അധ്യാപകന് നാട്ടുകാരുടെ സമ്മാനം

ഓരോ സർക്കാർ സ്കൂളിന്റെ പരിമിതമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതിനും അക്കാദമിക നിലവാരം ഉയർത്തിയതിനും പിടിഎയും നാട്ടുകാരും ചേർന്ന് 13 ലക്ഷത്തിന്റെ കാർ അവിടുത്തെ പ്രധാന അധ്യാപകന് സമ്മാനിക്കുന്നു. 33 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബെന്നിമാഷ ആണ് ഈ സ്നേഹബഹുമാനങ്ങൾ ഏറ്റുവാങ്ങിയത്.

സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സാധാരണ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും കൂടി യാത്രയയപ്പും സ്നേഹസമ്മാനവും ഒക്കെ നൽകാറുണ്ട്. എന്നാൽ വിരമിക്കൽ ചടങ്ങിൽ പിടിഎയും നാട്ടുകാരും നൽകിയ സ്നേഹസമ്മാനം കണ്ട് ബെന്നി എന്ന അധ്യാപകൻ ഞെട്ടിപ്പോയി എന്നതാണ് സത്യം. 13 ലക്ഷത്തിന്റെ പുത്തൻ കാറാണ് അധ്യാപകനെ നാട്ടുകാർ സമ്മാനിച്ചത്.

ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂൾ പ്രധാന അധ്യാപകൻ പിടി ബെന്നിക്കാണ് സ്കൂളിന്റെ വാർഷിക ആഘോഷങ്ങൾക്കൊപ്പം നടന്ന വിരമിക്കൽ ചടങ്ങിൽ മാരുതി ബ്രസ കാർ സമ്മാനിച്ചത്. സ്ഥലപരിമിതിയും ഭൗതിക സാഹചര്യക്കുറവും കാരണം വിഷമിച്ച ആ സർക്കാർ വിദ്യാലയത്തെ നിശ്ചയദാർഢ്യവും സാമൂഹിക പങ്കാളിത്തവും കൊണ്ട് ഒന്നാമത് എത്തിച്ചതിനുള്ള സമ്മാനമായിരുന്നു അത്.

ഈ ചടങ്ങിന്റെ തലേദിവസം എന്തോ ഉപഹാരം ഉണ്ടെന്ന് പറയുന്നത് താൻ കേട്ടിരുന്നു. അതൊന്നും വേണ്ട എന്ന് താൻ പറഞ്ഞിരുന്നു എന്നും ബെന്നി പറയുന്നുണ്ട്. എന്നാൽ കാർ സമ്മാനിച്ചപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയി. ഇത്രയും വലിയ ഒരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും മെയ് 31ന് വിരമിച്ചാൽ ഈ കാറിൽ വീട്ടിലേക്ക് പോകുമെന്നും ബെന്നി പറയുന്നു.

ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും ഈ നാടിന്റെ സ്നേഹത്തിനു മുന്നിൽ വാക്കുകൾ ഇല്ലെന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങിക്കൊണ്ട് വികാരാധീനനായി അദ്ദേഹം പറഞ്ഞു.

പിടിഎയും ബന്ധപ്പെട്ട കമ്മിറ്റികളും നാട്ടുകാരും അടങ്ങുന്ന കൂട്ടായ്മയാണ് ഈ കാർ നൽകിയത്. 33 വർഷത്തെ സേവനത്തിനു ശേഷം മെയ് 31 നാണ് കണ്ണൂർ ഇരുട്ടി മണിക്കടവ് സ്വദേശിയായ പിടി ബെന്നി വിരമിക്കുന്നത്.

2019 ജൂൺ ആറിനാണ് ബെന്നി ചെമ്മനാട് വെസ്റ്റ് സ്കൂളിൽ എത്തിയത്. മുൻപ് മറ്റു ചില വിദ്യാലയങ്ങളിൽ പ്രവർത്തിച്ചപ്പോൾ അവിടെ നടത്തിയ മികച്ച പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട പിടിഎ ബെന്നിയെ സമീപിച്ച് ഈ സ്കൂളിലേക്ക് സേവനം മാറ്റാൻ അഭ്യർത്ഥിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഉൾപ്പെടെ 21 മാസം അദ്ദേഹം പ്രധാന അധ്യാപകന്റെ ചുമതല വഹിച്ചു. പിന്നീട് ഇവിടെ തന്നെ പ്രധാന അധ്യാപകനായി സ്ഥാനകയറ്റവും ലഭിച്ചു.

582 കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയത്തിൽ കാറ്റും വെളിച്ചവും കിട്ടാത്ത ഇടുങ്ങിയ ക്ലാസ് മുറികളും കളിസ്ഥലമില്ലാത്ത അവസ്ഥയും ഭൂരിഭാഗവും അതിഥി അധ്യാപകർ എന്നിങ്ങനെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആദ്യം പുതിയ കെട്ടിടം നിർമ്മിക്കാൻ ബെന്നി അഭ്യുദയകാംഷികളുടെ സഹായത്തോടെ 10 സെന്റ് ഭൂമി കണ്ടെത്തിയെങ്കിലും തീരദേശ നിയന്ത്രണ നിയമം കാരണം രജിസ്ട്രേഷൻ പോലും നടത്താൻ കഴിഞ്ഞില്ല.

അതിനിടെ പിടിഎ, മദർ പിടിഎ, എസ്എംസി കമ്മിറ്റികളുടെയും സഹപ്രവർത്തകരെയും ഒന്നിച്ചുചേർത്ത് അക്കാദമിക നിലവാരം ഉയർത്താൻ നടത്തിയ പരിശ്രമം ഫലം കണ്ടു. അതോടെ വിദ്യാർത്ഥികളുടെ എണ്ണം 582 ൽ നിന്നും 856 ലേക്ക് എത്തി. 274 കുട്ടികൾ കൂടിയപ്പോൾ സ്ഥല പരിമിതി വലിയൊരു തലവേദനയായി മാറുകയും ചെയ്തു.

അങ്ങനെ ഒൻപത് ക്ലാസുകൾ ചെമ്മനാട് ജമാഅത്ത് മദ്രസയിലേക്കും പ്രീപ്രൈമറിയുടെ നാല് ക്ലാസുകൾ പുതിയ പള്ളി മദ്രസയിലേക്കും മാറ്റി. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ചെമ്മനാട് പഞ്ചായത്ത്, സർവ്വശിക്ഷ അഭിയാൻ, അധ്യാപക രക്ഷാകർത്ത സമിതി എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിലെ എല്ലാ കെട്ടിടങ്ങളും മൂന്ന് നിലകളായി ഉയർത്തി. ക്ലാസുകളെല്ലാം പിന്നെ സ്വന്തം കെട്ടിടത്തിലാക്കി.

ഇപ്പോൾ 690 കുട്ടികളും 21 ഡിവിഷനും 25 സ്ഥിരം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. ചെമ്മനാട് വെസ്റ്റ് യുപി സ്കൂൾ ലാൻഡ് പർച്ചേസ് കമ്മിറ്റിയും മുൻമന്ത്രി സിടി അഹമ്മദ് ആലി അധ്യക്ഷനായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയും ചെമ്മനാട് പഞ്ചായത്തും ചേർന്ന് 25 ലക്ഷം രൂപയ്ക്ക് വിദ്യാലയത്തിന് അരികെ അടുത്തിടെ 10 സെന്റ് ഭൂമിയും വാങ്ങി. 1.38 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.

തന്റെ 33 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ബെന്നിമാഷ് മടങ്ങുന്നത് 13 ലക്ഷത്തിന്റെ കാർ മാത്രമായിട്ടല്ല. ആ കുട്ടികളുടെയും അവിടുത്തെ നാട്ടുകാരുടെയും സ്നേഹാദരവും കൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്. കാസർഗോഡ് ജില്ലയിലെ ഈ അപൂർവ്വവും ഹൃദയസ്പർശിയുമായ ഗുരുദക്ഷിണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.