ശനിയാഴ്ച പെയ്ത കനത്ത വേനൽമഴയിൽ തലസ്ഥാന നഗരത്തിലെ തമ്പാനൂർ, കിഴക്കേക്കോട്ട, പഴവങ്ങാടി തുടങ്ങിയ പ്രധാന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എന്നാൽ, വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കോർപ്പറേഷൻ മാത്രം വിചാരിച്ചാൽ സാധിക്കില്ലെന്നും ഒൻപത് സർക്കാർ വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരം മേയർ വി. വി. രാജേഷ് പ്രതികരിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്നും ഇത് പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്നും മേയർ വ്യക്തമാക്കി. ആമയിഴഞ്ചാൻ തോടും പാർവ്വതി പുത്തനാറും പൂർണ്ണമായും ജലസേചന വകുപ്പിന്റെ കീഴിലാണ്. ഇവയ്ക്ക് മുകളിൽ സ്ലാബുകൾ ഇടുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുമായി ബന്ധപ്പെടുത്തി ഫണ്ട് കണ്ടെത്തണമെന്നും ജലസേചന വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചാൽ ഈ പ്രശ്നത്തിന് വലിയ പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുനൽകുന്ന നഗരസഭയുടെ ‘മേയർ കെയർ’ പദ്ധതി വലിയ രീതിയിൽ ജനശ്രദ്ധ നേടുകയാണ്. കോർപ്പറേഷന്റെ തനത് ഫണ്ട് ഉപയോഗിക്കാതെ, സന്നദ്ധ സംഘടനകൾ, ബാങ്കുകൾ, വ്യക്തികൾ, വിദേശമലയാളികൾ എന്നിവരുടെ സഹായത്തോടെയാണ് ബാഗും കുടയും ടിഫിൻ ബോക്സും അടങ്ങുന്ന സ്കൂൾ കിറ്റുകൾ തയ്യാറാക്കിയത്. രാഷ്ട്രീയ വ്യത്യാസമന്യേ പ്രതിപക്ഷ കൗൺസിലർമാർ കൂടി പങ്കാളികളായ ഈ പദ്ധതിയിലൂടെ സ്കൂൾ എച്ച്.എം.മാർ നൽകിയ ലിസ്റ്റ് അനുസരിച്ച് അയ്യായിരത്തിലധികം കുട്ടികൾക്കാണ് സഹായമെത്തിക്കുന്നത്.