അമേരിക്കയുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും അസാധാരണ സാഹചര്യവും സംജാതമായിരിക്കുന്നു. നിലവിലെ സമാധാന ചർച്ചകളെല്ലാം ഇറാൻ നിർത്തിവെച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ രൂക്ഷമായ ഭിന്നത ഉണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നു.
ലബനനിലെ ഇസ്രയേൽ ആക്രമണവും ഇറാനിൽ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളുമാണ് സമാധാന കരാറിന്റെ വക്കിലെത്തിയ പശ്ചിമേഷ്യയെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിട്ടത്. വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് പൂർണ്ണ ഉത്തരവാദികൾ അമേരിക്കയും ഇസ്രയേലുമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മേഖലയിലെ നയതന്ത്ര ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.