യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തങ്ങളുടെ ദേശീയ സ്വത്വവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനായി ചരിത്രപരമായ പുതിയ അറബി ഭാഷാ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു. കസ്റ്റമർ സർവീസ് ഉൾപ്പെടെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന സ്വകാര്യ മേഖലയിലെ തസ്തികകളിൽ അറബി സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കുന്നത് നിർബന്ധമാക്കുന്നതാണ് ഈ പുതിയ നിയമം.
സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ ഈ കരട് നിയമം സർക്കാർ ഇടപാടുകൾ, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, സാങ്കേതികവിദ്യ തുടങ്ങി പത്ത് പ്രധാന മേഖലകളെയാണ് ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് ആശുപത്രികൾ, ക്ലിനിക്കുകൾ, കസ്റ്റമർ കെയർ എന്നിവടങ്ങളിൽ അറബി ഭാഷ കൈകാര്യം ചെയ്യുന്ന ജീവനക്കാർ നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ, പൊതുജനങ്ങൾക്കായുള്ള പരസ്യങ്ങളിലും പ്രൊമോഷനുകളിലും അറബി ഭാഷയുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതുണ്ട്. സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും അറബി ഭാഷാ പഠനത്തിന്റെ നിലവാരം ഉയർത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.
യുഎഇയിലെ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ജീവനക്കാരെ ഈ നിയമം നേരിട്ട് ബാധിച്ചേക്കാം. പ്രത്യേകിച്ച് ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, കസ്റ്റമർ സർവീസ് തുടങ്ങിയ മേഖലകളിൽ പുതുതായി ജോലി തേടുന്നവർക്ക് അറബി ഭാഷാ പ്രാവീണ്യം ഇനിമുതൽ ഒരു നിർബന്ധിത യോഗ്യതയായി മാറിയേക്കാം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെങ്കിലും, നിയമം കൃത്യമായി പാലിക്കുന്ന കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.