തിരുവനന്തപുരം: യുഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ കോൺഗ്രസും ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണമെന്ന് മുൻ മന്ത്രിയും ബേപ്പൂരിലെ നിയുക്ത എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. ഇത് മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു. എന്നാൽ ഇത് രാഷ്ട്രീയ വിഷയമാണ്. സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.
വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ വിമർശിച്ച് സിപിഐയും രംഗത്തെത്തി. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായ വ്യാഖ്യാനിക്കുന്ന ഭാഗമാണ് ചൊല്ലിയത്. അത് ചൊല്ലേണ്ട എന്നത് കോൺഗ്രസും എടുത്ത തീരുമാനമായിരുന്നു. എന്നാൽ കോൺഗ്രസ് തന്നെ അത് നിഷ്കരുണം നടപ്പിലാക്കിയെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
നേരത്തെ തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ നടക്കുമ്പോഴും ആദ്യം വന്ദേമാതരം ചൊല്ലിയതും, വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗം ചൊല്ലിയതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സത്യപ്രതിജ്ഞയ്ക്കിടെ വന്ദേമാതരം ചൊല്ലിയത്.
വന്ദേമാതരത്തിന്റെ തെരഞ്ഞെടുത്ത പദ്യഭാഗം മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചതും ചൊല്ലുന്നതും. 1875ൽ ബങ്കിം ചന്ദ്ര ചാറ്റർജിയാണ് വന്ദേമാതരം എഴുതിയത്. പിന്നീട് 1882ൽ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ആനന്ദമഠം എന്ന നോവലിലാണ് കവിത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. അതിൽ എട്ട് ചരണങ്ങൾ ഉണ്ടായിരുന്നു. 1937ലാണ് വന്ദേമാതരം ദേശഭക്തി ഗീതമായി കോൺഗ്രസ് അംഗീകരിച്ചത്. 1951ലാണ് ഇന്ത്യയുടെ കോൺസ്റ്റിറ്റുവന്റ് അസംബ്ലി വന്ദേമാതരത്തെ ദേശഭക്തിഗാനമായി ഔദ്യോഗികമായി അംഗീകരിക്കുന്നത്. അംഗീകരിക്കുമ്പോൾ കവിതയിലെ ആറ് വരികൾ ഉൾപ്പെടുന്ന രണ്ട് ചരണങ്ങൾ മാത്രം ദേശഭക്തി ഗീതമായി ഉൾപ്പെടുത്തിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.