മമതാ ബാനർജിയെ തോൽപ്പിച്ച് ബിജെപി പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നതിനുശേഷം നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിവരുന്നത്. ഇപ്പോഴിതാ സംസ്ഥാനത്തെ എല്ലാ മദ്രസകളിലും വന്ദേമാതരം ആലപിക്കൽ നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് മുഖ്യമന്ത്രി സുബേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ.
സംസ്ഥാന മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ മാതൃകാ മദ്രസകൾ, സർക്കാർ സഹായമുള്ള മദ്രസകൾ, അംഗീകൃത ശിശു ക്ഷേത്ര കേന്ദ്രങ്ങൾ, മാധ്യമിക് ശിക്ഷാ കേന്ദ്രങ്ങൾ, ന്യൂനപക്ഷ കാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത അൺഎയഡഡ് മദ്രസകൾ എന്നിവയ്ക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.
എല്ലാ സ്കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ഒരാഴ്ച കഴിഞ്ഞാണ് മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതി നൽകിയ ഉത്തരവിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിൽ അസംബ്ലി രീതികളിൽ ഏകീകരണം കൊണ്ടുവരികയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ, ആസാമിൽ ചെയ്തത് പോലെ തന്നെ ബംഗാളിലും ബിജെപി വർഗീയ അജണ്ട നടപ്പിലാക്കുകയാണെന്നും ഇത് അപലപനീയമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.