സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം പൂർണമായും ആലപിച്ചത് രാജ്ഭവനിൽ നിന്നുള്ള നിർദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. തങ്ങളുടെ അറിവോടെയായിരുന്നില്ല അതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വന്ദേ മാതരം മുഴുവൻ ആലപിക്കുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ചടങ്ങിൽ നിൽക്കുമ്പോഴാണ് ഇത് മുഴുവനായി ആലപിക്കുന്നത് കേൾക്കുന്നതെന്നും അതിനിടയിൽ തടസ്സപ്പെടുത്താൻ പറ്റില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സാധാരണ ദേശീയഗാനമാണ് ചെയ്യാറുള്ളത്, ഇത് കൂടി ആലപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പിതാവിന്റെ പേര് കൂടി ഉൾപ്പെടുത്തി പൂർണനാമം വായിച്ചതിലെ വിവാദത്തിലും അദ്ദേഹം മറുപടി നൽകി. എംഎൽഎ ആകുന്നതിന് മുമ്പ് തന്റെ മാതാപിതാക്കൾ മരിച്ചുപോയെന്നും പിതാവിന്റെ പേര് പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ പേര് കൂടി പറയാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അവസരമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, 300 കിലോമീറ്റർ ദൂരം 30 അടി ഉയരത്തിലുള്ള എംബാങ്ക്മെന്റ് കേരളത്തിന്റെ ഭൂപ്രകൃതിക്ക് പാരിസ്ഥിതിക ദുരന്തമായിരിക്കുമെന്ന് ആവർത്തിച്ചു. പദ്ധതി ഉപേക്ഷിച്ചിട്ടും ഭൂമി ഡിനോട്ടിഫൈ ചെയ്യാത്തത് ബാധിത കുടുംബങ്ങളെ വലയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഷപ്പ് ഹൗസ് സന്ദർശനത്തിലെ വിവാദത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, എല്ലാ മതാധിപതികളുമായും തനിക്ക് നല്ല ബന്ധമുണ്ടെന്നും അവരെ കാണാൻ പോകുന്നതിൽ തെറ്റില്ലെന്നും പറഞ്ഞു. ശിവഗിരി സന്ദർശനവും കാന്റൺമെന്റ് ഹൗസിൽ വിവിധ മതാധിപതികൾ തന്നെ കാണാൻ വരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട യുഡിഎഫ് ചർച്ചകൾ ചൊവ്വാഴ്ച രാത്രി പൂർത്തിയായതായും ഡൽഹിയിൽ നിന്നുള്ള അനുമതി ലഭിച്ച ശേഷം ബുധനാഴ്ച രാവിലെ ഗവർണർക്ക് പട്ടിക സമർപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.