കേരളത്തിലെ പുതിയ മുഖ്യമന്ത്രി വിഡി സതീശന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചു.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായ ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. ജൂൺ 15 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ പൂർണമായും സൗജന്യമായി യാത്ര ചെയ്യാം. ഓർഡിനറി ബസുകളിൽ മാത്രമല്ല, ദീർഘദൂര സർവീസുകളായ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും സൗജന്യ യാത്ര ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കെഎസ്ആർടിസി സിഎംഡി പ്രമോദ് ശങ്കർ മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി പദ്ധതിയുടെ പ്രായോഗിക വശങ്ങൾ ചർച്ച ചെയ്തു. സാമ്പത്തികവും സാങ്കേതികവുമായ വശങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് തീരുമാനം. മലബാർ മേഖലയിൽ സ്വകാര്യ ബസുകളുടെ ആശങ്കകൾ കൂടി കണക്കിലെടുത്ത് വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് സർക്കാരുകൾ നടപ്പിലാക്കി വിജയം കണ്ട പദ്ധതിയുടെ മാതൃകയിലാണ് കേരളത്തിലെ വനിതാ സൗഹൃദ യാത്രാ പദ്ധതി. ജൂൺ 15ന് തന്നെ പദ്ധതി യാഥാർഥ്യമാക്കാൻ സാധിച്ചാൽ അത് വിഡി സതീശൻ സർക്കാരിന്റെ ചരിത്രപരമായ നേട്ടമായിരിക്കും.