Thanks for watching! Content unlocked for this session.

വാഹന മോഡിഫിക്കേഷൻ അനുമതി നൽകാൻ സർക്കാർ; വാക്കുപാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പാലിച്ച് സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അനുമതിയില്ലാതെ ചെയ്യാവുന്നതും പ്രത്യേക അനുമതിയോടെ ചെയ്യാവുന്നതുമായ മാറ്റങ്ങൾ വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഗതാഗത കമ്മീഷണറുടെ പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.

പുതിയ നിർദ്ദേശപ്രകാരം സീറ്റ് കവർ, ഫ്ലോർ മാറ്റ്, ഡാഷ് ക്യാം, റിവേഴ്സ് ക്യാമറ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയറുകൾ, 50 ശതമാനം സുതാര്യതയുള്ള സൺ ഫിലിം, മാന്യമായ ബോഡി സ്റ്റിക്കറുകൾ ഉൾപ്പെടെ 18 തരം മോഡിഫിക്കേഷനുകൾക്ക് മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ വാഹനത്തിന്റെ നിറം മാറ്റുക, എൽപിജി/സിഎൻജി കിറ്റുകൾ ഘടിപ്പിക്കുക, ഭിന്നശേഷി സൗഹൃദ വാഹനമാക്കുക, ഇലക്ട്രിക് വാഹനമാക്കി മാറ്റുക, എഞ്ചിൻ അല്ലെങ്കിൽ ചേസിസ് ഫ്രെയിം മാറ്റുക എന്നിവയ്ക്ക് ഫീസ് അടച്ച് പ്രത്യേക അനുമതി വാങ്ങണം. ഈ മാറ്റങ്ങൾ ആർസി ബുക്കിൽ രേഖപ്പെടുത്തുകയും വേണം.

അതേസമയം, വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമങ്ങളും സുപ്രീം കോടതി ഉത്തരവുകളും ഈ നീക്കത്തിന് വലിയ നിയമ വെല്ലുവിളി ഉയർത്തുന്നുണ്ട്. വാഹന നിർമ്മാതാക്കൾ നിശ്ചയിച്ച പരിധിക്കപ്പുറമുള്ള രൂപമാറ്റം അനുവദിക്കില്ലെന്നാണ് 1988-ലെ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 വ്യക്തമാക്കുന്നത്. 2019-ൽ കേരള ഹൈക്കോടതിയുടെ അനുകൂല വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കെ, സംസ്ഥാന സർക്കാർ ഈ നിയമപരമായ തടസ്സങ്ങളെ എങ്ങനെ മറികടക്കുമെന്നാണ് നിയമവിദഗ്ദ്ധർ ഉറ്റുനോക്കുന്നത്. കൂടാതെ, അനധികൃത മോഡിഫിക്കേഷനുകൾ അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കപ്പെടാനും കാരണമായേക്കാം.