2023ലെ നവകേരള യാത്ര പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായതാണ്. അക്കൂട്ടത്തിൽ ഒരിക്കലും മറക്കാത്ത ഒന്നാണ് രക്ഷാപ്രവർത്തനം. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ നവകേരള യാത്രക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദ്ധിച്ച കേസ് വലിയ വിവാദമായതാണ്. വീണ്ടും അധികാരത്തിലെത്തിയ വിഡി സതീശൻ സർക്കാർ ആദ്യദിവസം തന്നെ ഈ കേസ് വീണ്ടും അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതോടെ സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയായിരിക്കുകയാണ്. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി എപി ശൗക്കത്തലിയെ പറ്റിയാണ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുക.
ആരാണ് ഈ ശൗക്കത്തലി? എന്തുകൊണ്ട് ഈ പേര് ഇത്രയും ചലനം ഉണ്ടാക്കുന്നു? ശൗക്കത്തലി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥനാണ്. അതിനപ്പുറം കേരളക്കരയെ പിടിച്ചുകുലുക്കിയ ടിപി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്ന ശൗക്കത്തലി ടിപികെ സൂത്രധാരൻ എന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ നടുറോഡിൽ കാർ തടഞ്ഞ് അറസ്റ്റ് ചെയ്തിട്ടുള്ള ചരിത്രമുള്ള ആളാണ്.
മാത്രമല്ല കൊടിസുനി ഉൾപ്പെടെയുള്ള കൊടും ക്രിമിനലുകളെ അകത്താക്കിയതും ഇദ്ദേഹം തന്നെയാണ്. 1995ൽ ഒന്നാം റാങ്കോടെ കേരള പോലീസിൽ എസ്ഐ സേവനം തുടങ്ങിയ ശൗക്കത്തലി 2014ൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ എത്തി. ടിപി ചന്ദ്രശേഖരൻ വധക്കേസ്, കനകമല കേസ്, തമിഴ്നാട്ടിലെ ഒട്ടേറെ ഭീകരവാദ കേസുകൾ, പാരീസ് ഭീകരാക്രമണ കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണം എന്നിവയിലെല്ലാം നിർണായക പങ്ക് വഹിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് ആയാണ് ശൗക്കത്തലി അറിയപ്പെടുന്നത്.
2020ലെ സ്വർണക്കടത്ത് കേസിൽ ചുമതല ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപിനെയും അറസ്റ്റ് ചെയ്തതും മറ്റാരുമല്ല. തലശ്ശേരി ഡിവൈഎസ്പി ആയിരുന്ന സമയത്താണ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കൊടിസുനി, ഷാഫി, കിർമാണി, മനോജ് എന്നിവരെയും സിപിഎം നേതാക്കളായ പികെ കുഞ്ഞനന്ദനെയും പി മോഹനനെയും അറസ്റ്റ് ചെയ്തത്.
കുറച്ചു വർഷങ്ങളായി സിപിഎമ്മിന്റെ കണ്ണിലെ കരടും പല സിപിഎം നേതാക്കളുടെയും ഉറക്കം കളഞ്ഞതുമായ ശൗക്കത്തലിയെ തന്നെ രക്ഷാപ്രവർത്തന കേസും അന്വേഷിക്കാൻ നിയോഗിച്ചത് വ്യക്തമായ ഒരു സൂചനയാണ് നൽകുന്നത്. ഇതൊരു പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ തന്നെ ഈ കേസിൽ തങ്ങൾക്ക് പ്രത്യേക താല്പര്യമുണ്ടെന്നും ഇത് കോൺഗ്രസിനെ പ്രത്യേകിച്ച് യൂത്ത് കോൺഗ്രസിനെ അഭിമാനപ്രശ്നമാണെന്നും സതീശൻ പറയാതെ തന്നെ പറഞ്ഞുവെക്കുന്നുണ്ട്.
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അന്വേഷണത്തിൽ ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. രണ്ടു വർഷം മുൻപ് ഡിസംബർ 15ന് നവകേരള യാത്രയുടെ ബസ് ആലപ്പുഴയിലൂടെ കടന്നുപോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ കാത്തുനിന്ന് നിലവിലെ ആലപ്പുഴ എംഎൽഎയും അന്നത്തെ കെഎസ്യു ജില്ലാ പ്രസിഡണ്ടുമായ എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവർ കുരിയാക്കോസും എന്നിവർ കരിങ്കോടി കാണിച്ച് പ്രതിഷേധിച്ചു. പോലീസുകാർക്ക് പുറമേ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരും വാഹനത്തിൽ നിന്നിറങ്ങി നടുറോഡിലിട്ട് യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി മർദ്ധിച്ചിരുന്നു.
ഗൺമാൻ അനിൽ കുമാറും സുരക്ഷ ഉദ്യോഗസ്ഥൻ എസ് സന്ദീപും ചേർന്നാണ് ക്രൂരമായി തല്ലിച്ചതച്ചത്. ആ ദൃശ്യങ്ങൾ കണ്ടാൽ അറിയാം എത്രമാത്രം ഭീകരമായിരുന്നു ആ മർദ്ദനം എന്ന്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്ന് പരാതി നൽകിയിരുന്നുവെങ്കിലും കേസ് എടുക്കാൻ ആദ്യം പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് കോടതി ഇടപെടലിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്. ദൃശ്യങ്ങളിലൂടെ കേരളം മുഴുവൻ കണ്ട ആ അക്രമം തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ന്യായീകരണം.
കോടതി നിർദ്ദേശത്തിൽ കേസ് എടുത്തുവെങ്കിലും പ്രതികളെ ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞിരുന്നില്ല. ദൃശ്യങ്ങൾ ഉണ്ടായിട്ടും കേസ് എവിടെയും എത്തിയില്ല. “ഞങ്ങളുടെ കുഞ്ഞുങ്ങളെ തല്ലിച്ചതച്ചത് മറന്നിട്ടില്ല, എല്ലാം ഓർത്തു വെക്കും” എന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ പറഞ്ഞിരുന്നു.
ഇപ്പോൾ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ആദ്യം പ്രഖ്യാപിച്ചത് ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നാണ്. ചുരുക്കത്തിൽ രാഷ്ട്രീയ പ്രതികാരത്തിനപ്പുറം നിയമവാശി ഉറപ്പാക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വിഡി സതീശൻ സർക്കാർ ഈ കേസിനെ സമീപിക്കുന്നത്. സിപിഎമ്മിന്റെ ശക്തരായ നേതാക്കളെയും കൊടും ക്രിമിനലുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന എപി ശൗക്കത്തലിയെ പോലെ ഒരു മികച്ച ഉദ്യോഗസ്ഥനെ തന്നെ അന്വേഷണം ഏൽപ്പിച്ചതിലൂടെ സർക്കാരിന്റെ ലക്ഷ്യം വ്യക്തമാണ്.
അധികാരത്തിന്റെ തണലിൽ നിയമം കയ്യിലെടുത്തവർക്ക് ഒരുനാൾ കീഴടങ്ങേണ്ടി വരുമെന്നത് പോലീസ് ഫയലുകളിൽ ഒതുങ്ങിപ്പോയ ക്രൂരമായ മർദ്ദനത്തിനൊടുവിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊതുസമൂഹവും.