മുഖ്യമന്ത്രി വി ഡി സതീശന്റെ പത്രസമ്മേളനത്തിലെ മറുപടികളും എക്സ്പ്രഷനും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിരിക്കുകയാണ്. റീലുകളും അദ്ദേഹത്തെക്കുറിച്ച് തന്നെയാണ് നമ്മുടെ ഫീഡിലൊക്കെ നിറഞ്ഞിരിക്കുന്നത്. ജെൻസിയും യുവതലമുറയും പൂർണമായും വി ഡി സതീശനെ ഏറ്റെടുത്തു എന്ന് തന്നെ പറയാം.
വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമോ എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ പ്രതികരണവും അതിനൊപ്പമുള്ള ഭാവവ്യത്യാസവുമാണ് ട്രോളർമാർക്കും റീൽ സ്രഷ്ടാക്കൾക്കും പുതിയ ആവേശമായി മാറിയത്. മുഖ്യമന്ത്രിയുടെ ചിരിയും എക്സ്പ്രഷനും ഉൾപ്പെടുത്തി നിരവധി റീലുകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിമിഷങ്ങൾ കൊണ്ട് പ്രചരിച്ചത്.
തന്റെ ഈ വൈറൽ ചിരിയുടെ യഥാർത്ഥ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത് വന്നു. ഒരു പയ്യനാണ് തന്നോട് ആ ചോദ്യം ചോദിച്ചതെന്നും അവന്റെ മുഖവും ഭാവവും കണ്ടപ്പോൾ ഉള്ളിൽ തോന്നിയ വാത്സല്യം കൊണ്ടാണ് അങ്ങനെ ഒരു കുസൃതി ചിരി ചിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മക്കളോട് കാണിക്കുന്ന അതേ വാത്സല്യത്തോടെയാണ് താൻ പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂക്കി റീലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം റീലുകൾ രാത്രി മകൾ തന്നെയാണ് തനിക്ക് കാണിച്ചു തന്നതെന്നും വി ഡി സതീശൻ ചിരിയോടെ വെളിപ്പെടുത്തി.
കേരളത്തിന്റെ പരമ്പരാഗത രാഷ്ട്രീയ രീതികളെയും നിലവിലുള്ള സമവാക്യങ്ങളെയും ഒക്കെ പാടെ തിരുത്തിക്കുറിച്ചുകൊണ്ടാണ് വി ഡി സതീശൻ ചരിത്രത്താളുകളിൽ പുതിയൊരു അധ്യായം രചിച്ചത്. യുവതലമുറയും ഇപ്പോൾ അദ്ദേഹത്തെ ഏറ്റെടുക്കുന്നത് ശ്രദ്ധേയമാണ്.
യുവാക്കൾ നിയന്ത്രിക്കുന്ന മുന്നിര ഡിജിറ്റൽ മാധ്യമങ്ങളിലെ അഭിമുഖങ്ങളിൽ യാതൊരുവിധ മടിയുമില്ലാതെ പങ്കെടുക്കാനും അതിലൂടെ തന്റെ ആശയങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ തീരപ്രദേശങ്ങളെ ഉണർത്തുന്ന സ്വപ്നതുറമുഖ പദ്ധതിയും വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമെന്ന പ്രായോഗിക നിർദ്ദേശവും ഒക്കെ യുവതലമുറക്കിടയിൽ അദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റി.