Thanks for watching! Content unlocked for this session.

മുഖ്യമന്ത്രി പറഞ്ഞ ജപ്പാൻ മോഡൽ വയോജന പദ്ധതി എന്താണ് ?

മുഖ്യമന്ത്രി വിഡി സതീശൻ തൻറെ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ ഒരു കാര്യം വയോജന വകുപ്പ് രാജ്യത്ത് ആദ്യമായി കേരളത്തിൽ നടപ്പിലാക്കുമെന്നാണ്. അങ്ങനെ ഒരു വകുപ്പ് രൂപീകരിക്കുന്ന സംസ്ഥാനം കേരളമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മോഡൽ കടമെടുക്കുന്നത് ജപ്പാനിൽ നിന്നാണെന്നും വിഡി സതീശൻ പറഞ്ഞു.

ജപ്പാനിൽ 1920 ലാണ് വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സർക്കാർ അഭിമുഖീകരിച്ചു തുടങ്ങിയത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വൃദ്ധജനങ്ങൾ (60 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ) ഉള്ള രാജ്യം ജപ്പാനാണ്.

ജപ്പാനിലെ വയോജന ക്ഷേമ പദ്ധതിയുടെ അടിസ്ഥാനം നിർബന്ധിത ഇൻഷുറൻസ് പദ്ധതിയാണ്. 40 വയസ്സ് കഴിഞ്ഞ ഓരോ പൗരനും തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ഇൻഷുറൻസിലേക്ക് നിർബന്ധിതമായി അടക്കണം. 65 വയസ്സ് ആകുമ്പോൾ പ്രായവുമായി ബന്ധപ്പെട്ട ഏത് പ്രശ്നത്തിനും 90 ശതമാനം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 10 ശതമാനം മാത്രം രോഗി അടച്ചാൽ മതി, ബാക്കി സർക്കാർ വഹിക്കും.

സർക്കാർ നൽകുന്ന മറ്റൊരു പ്രധാന സേവനമാണ് കെയർ ടേക്കർ സംവിധാനം. ഒരു അധ്യാപകന്റെയോ ബാങ്ക് ക്ലർക്കിന്റെയോ ജോലി പോലെ തന്നെ, രാവിലെ എഴുന്നേറ്റ് റെഡിയായി ഓരോ വീട്ടിലും കയറി ഇറങ്ങുന്ന കെയർ ടേക്കർമാർ 10-12 വീടുകളിൽ എത്തുന്നു. അവർ വൃദ്ധജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ടീമിന് കൈമാറുന്നു. ഈ ടീം വീട്ടിൽ തന്നെയാണ് ചികിത്സ നൽകുന്നത്.

ഹൃസ്വകാല സ്റ്റേകളും (ഷോർട്ട് ടേം സ്റ്റേകളും) ജപ്പാന്റെ സംവിധാനത്തിന്റെ ഭാഗമാണ്. മക്കൾ യാത്ര പോകുമ്പോൾ വൃദ്ധജനങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം തങ്ങാനുള്ള സർക്കാർ ചിലവിലുള്ള താമസസ്ഥലങ്ങളാണിത്. ഭക്ഷണവും സംരക്ഷണവും വൈദ്യസഹായവും ഇവിടെ ലഭിക്കും. പകൽ വീടുകൾ (ഡേ കെയർ സെന്ററുകൾ) 10-50 പേർ ചേരുന്ന വലിയ സംവിധാനമാണ്, അവിടെ വൈദ്യസഹായങ്ങളും ലഭിക്കും.

റോബോട്ടിന്റെ സഹായമാണ് ജപ്പാന്റെ മറ്റൊരു പ്രത്യേകത. കിടപ്പ് രോഗികൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത റോബോട്ടുകൾ ഉപയോഗിച്ച് അവർക്ക് വീട്ടിൽ തന്നെ സഞ്ചരിക്കാനും ബാത്റൂമിൽ പോകാനും കഴിയും. ഒറ്റപ്പെട്ടു പോകുന്ന വൃദ്ധജനങ്ങൾക്കായി മനുഷ്യന് തുല്യമായ റോബോട്ടുകളെ നൽകുന്നു, അവ സംസാരിക്കാനും പ്രതികരിക്കാനും ശേഷിയുള്ളവയാണ്.

റോബോട്ടിന്റെ ഘട്ടം മാത്രമാണ് കേരളത്തിൽ അപ്രായോഗികമായി വരിക. ബാക്കിയൊക്കെ ഇപ്പോൾ തന്നെ കേരളത്തിൽ നിലവിലുണ്ട്. സർക്കാർ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലും സ്വകാര്യ വ്യക്തികളും നടത്തുന്ന ഒരുപാട് വൃദ്ധ മന്ദിരങ്ങൾ കേരളത്തിലുണ്ട്. പല ആശുപത്രികളും വീട്ടിലേക്കുള്ള നഴ്സിംഗ്, ഡോക്ടർ സേവനങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഒരു പ്രത്യേക വകുപ്പ് വന്നാൽ ഇവയെല്ലാം ഏകീകരിക്കാൻ കഴിയും.

കേരളത്തിലെ 20 ശതമാനത്തിൽ അധികം പേർ ഇപ്പോൾ വയോജനങ്ങളാണ്. അഞ്ചു വർഷം കഴിയുമ്പോൾ നാലിൽ ഒരാൾ 60 വയസ്സ് കഴിഞ്ഞ ആളായി മാറും. 2007ൽ വിഎസ് അച്യുതാനന്ദ സർക്കാരാണ് ആദ്യമായി വയോജന ക്ഷേമത്തെ കുറിച്ച് ആലോചിച്ചത്. 2008ൽ എല്ലാ ജില്ലകളിലും വയോജന കൗൺസിൽ നിലവിൽ വന്നു. 2011ൽ വയോമിത്രം പദ്ധതിയും 2016ൽ വൃദ്ധ മന്ദിരങ്ങളും നിലവിൽ വന്നു. 2025ൽ മന്ത്രി ആർ ബിന്ദുവിന്റെ കീഴിൽ സാമൂഹ്യ ക്ഷേമവകുപ്പ് വയോജന ക്ഷേമ കമ്മീഷൻ രൂപീകരിച്ചു.