Thanks for watching! Content unlocked for this session.

വകുപ്പുകളുടെ കാര്യത്തില്‍ തർക്കം; പട്ടിക ഗവർണർക്ക് കൈമാറിയില്ല

മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്നലെ അധികാരമേറ്റു. എന്നാൽ മന്ത്രിമാർക്കുള്ള വകുപ്പുകളുടെ വിഭജനം ഇതുവരെ പൂർത്തിയായിട്ടില്ല. വകുപ്പുകൾ സംബന്ധിച്ചുള്ള പട്ടിക ഇതുവരെ ഗവർണർക്ക് കൈമാറിയിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

പ്രധാന തർക്കം ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ്. ഉന്നത വിദ്യാഭ്യാസം വിട്ടുനൽകിയ മുസ്ലിം ലീഗിന് പകരം ഫിഷറീസ് വേണമെന്ന ആവശ്യമാണ്. എന്നാൽ ഫിഷറീസ് ലീഗിന് നൽകുന്നതിനെ ലത്തീൻ സഭ എതിർക്കുന്നു. കോൺഗ്രസ് ക്വോട്ടയിൽ ലത്തീൻ സമുദായത്തിൽ നിന്ന് ആരെയും മന്ത്രിയാക്കിയില്ല എന്നതാണ് ഇതിന് കാരണം. ഫിഷറീസ് വകുപ്പ് ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള ഒരാൾക്ക് നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം. മുഖ്യമന്ത്രി ഇന്നലെ ലത്തീൻ സഭ ആസ്ഥാനത്തെത്തി പരിഭവങ്ങൾ തീർത്തെങ്കിലും വിഷയത്തിൽ വ്യക്തത വന്നിട്ടില്ല.

വയനാട്ടിൽ നിന്നുള്ള എംഎൽഎ ടി സിദ്ധിക്കിന് കൃഷി വകുപ്പ് ലഭിച്ചെങ്കിലും അദ്ദേഹത്തിന് അതിനോട് താൽപ്പര്യമില്ലെന്നും മറ്റ് പ്രധാനപ്പെട്ട വകുപ്പുകൾ ആവശ്യപ്പെട്ടുമുണ്ട്. നേരത്തെ കെ മുരളീധരന് ആരോഗ്യത്തിന് പുറമെ വൈദ്യുതി നൽകിയതിൽ അദ്ദേഹം അസംതൃപ്തി പ്രകടിപ്പിക്കുകയും തുടർന്ന് വൈദ്യുതി കെ പി അനിൽകുമാറിന് നൽകുകയും ചെയ്തു.

കേരള കോൺഗ്രസ് എമിന് ജലവിഭവ വകുപ്പിനൊപ്പം രജിസ്ട്രേഷൻ കൂടി വേണമെന്ന ആവശ്യമുണ്ട്. ലീഗിന്റെ രണ്ട് മന്ത്രിമാരുടെ വകുപ്പുകളിലും വ്യക്തത വരാനുണ്ട്.

വിഡി സതീശൻ മുഖ്യമന്ത്രിക്ക് പുറമെ ധനകാര്യം, പൊതുഭരണം, നിയമം, തുറമുഖം, ഐഎൻപിആർഡി എന്നീ വകുപ്പുകളും കൈവശം വയ്ക്കും. രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ്. പ്രധാന വകുപ്പ് വിഭജനം: പിസി വിഷ്ണുനാഥ് (സഹകരണം, സാംസ്കാരികം, സിനിമ), എം ബിജു (എക്സൈസ്), റോജി എം ജോൺ (ഉന്നത വിദ്യാഭ്യാസം), സണ്ണി ജോസഫ് (റവന്യൂ), ബിന്ദു കൃഷ്ണ (വനിതാ ശിശുവികസനം, സാമൂഹ്യക്ഷേമം, തൊഴിൽ), പി കെ കുഞ്ഞാലിക്കുട്ടി (ഐടി വ്യവസായം), അനൂപ് ജേക്കബ് (ഭക്ഷ്യ സിവിൽ സപ്ലൈസ്), മോൻസ് ജോസഫ് (ജലവിഭവം), കെ എം ഷാജി (തദ്ദേശം), ഷംസുദ്ദീൻ (വിദ്യാഭ്യാസം).

ഇന്ന് ഉച്ചയോടുകൂടി തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഗവർണർ തൃശ്ശൂരിലായതിനാൽ ഗസറ്റ് വിജ്ഞാപനം ഇന്ന് വൈകിയേക്കും.