തമിഴ് താരം വിജയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, സോഷ്യൽ മീഡിയയിലെ ഗോസിപ്പുകൾക്ക് പരോക്ഷ മറുപടിയുമായി നടി തൃഷ കൃഷ്ണൻ രംഗത്ത്. നിരന്തരമായ സൈബർ ആക്രമണങ്ങൾക്കും ഊഹാപോഹങ്ങൾക്കും നടുവിൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്.
തന്റെ വളർത്തുനായ കട്ടിലിൽ കിടന്നുറങ്ങുന്ന ചിത്രത്തിനൊപ്പം “എന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഏക മൂക്ക് ഇതാണ്” എന്ന അടിക്കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. വ്യക്തിജീവിതത്തെക്കുറിച്ച് നിരന്തരം ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കുള്ള സരസമായ മറുപടിയായാണ് ആരാധകർ ഇതിനെ കാണുന്നത്. അടുത്തിടെ നടൻ അജിത് കുമാറിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ വിജയ്ക്കൊപ്പം തൃഷ എത്തിയതും, വിജയിന്റെ രാഷ്ട്രീയ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതും ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചിരുന്നു.
വിജയും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ ശക്തമായത്. മുൻപ് ‘കുരുവി’ എന്ന ചിത്രത്തിന് ശേഷം വർഷങ്ങളോളം ഒരുമിച്ച് അഭിനയിക്കാതിരുന്ന ഇരുവരും 15 വർഷങ്ങൾക്ക് ശേഷം ‘ലിയോ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിച്ചത്. ഇത്തരം പ്രചാരണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാതെ തങ്ങളുടെ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിജയും തൃഷയും താല്പര്യപ്പെടുന്നത്. സൂര്യയോടൊപ്പം അഭിനയിച്ച ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ചിരഞ്ജീവിക്കൊപ്പമുള്ള ‘വിശ്വംബര’ എന്ന ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് തൃഷ ഇപ്പോൾ.