പശ്ചിമേഷ്യൻ മേഖലയിൽ നിന്നുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു കാലമായി സംഘർഷങ്ങളുടെയും യുദ്ധഭീഷണികളുടെയും പശ്ചാത്തലത്തിലാണ് ലോകം കേൾക്കുന്നത്. മിസൈൽ ആക്രമണങ്ങളും ഭൗമ രാഷ്ട്രീയ തർക്കങ്ങളും വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ ആഗോള ശ്രദ്ധ ആകർഷിച്ച മറ്റൊരു വാർത്ത ഇറാനിൽ നിന്ന് പുറത്തുവരുന്നു.
ഇറാനിലെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിനോട് ചേർന്നുള്ള ബന്ദർ അബ്ബാസ് നഗരത്തിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ഹിന്ദു വിഷ്ണു ക്ഷേത്രം ഇന്നും സുരക്ഷിതമായി നിലകൊള്ളുന്നു. ഈ ചരിത്രസ്മാരകത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം അമിതാബ് ബച്ചൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ഈ അപൂർവ്വ ചരിത്രം ലോകത്തിന്റെ ചർച്ചകളിലേക്ക് വീണ്ടും എത്തുന്നത്.
അമിതാബ് ബച്ചൻ പങ്കുവെച്ച ആ ചെറിയ വീഡിയോ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം അന്താരാഷ്ട്ര തലത്തിൽ തരംഗമായി മാറി. എന്നാൽ കേവലം ഒരു പുരാതന കെട്ടിടത്തിന്റെ കാഴ്ച എന്നതിലപ്പുറം ആളുകളെ വിസ്മയിപ്പിച്ചത് ആ വീഡിയോയുടെ പശ്ചാത്തലത്തിൽ കേട്ട മനോഹരമായ ഒരു സംഗീതമായിരുന്നു. ഒരു മുസ്ലിം യുവതി പേർഷ്യൻ ഭാഷയിൽ വിഷ്ണു ഭക്തിഗാനം ആലപിക്കുന്നതായിരുന്നു ആ പശ്ചാത്തല സംഗീതം.
ഇറാൻ ഭരിച്ചിരുന്ന ഖജർ രാജവംശത്തിന്റെ കാലഘട്ടത്തിൽ 1892 കളിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. ഇന്ന് ഈ പുരാതന നിർമ്മിതിക്ക് ഏകദേശം 134 വർഷത്തെ പഴക്കമുണ്ട്. അന്നത്തെ കാലത്ത് ഭാരതത്തിൽ നിന്നും പ്രത്യേകിച്ച് ഗുജറാത്ത് തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിൽ നിന്നും കപ്പൽ മാർഗം ഇറാനിലെത്തി ബിസിനസ് നടത്തിയിരുന്ന ഹിന്ദു വ്യാപാരികളുടെ ആവശ്യപ്രകാരമാണ് ഈ ക്ഷേത്രം ഉയർന്നുവന്നത്.
ഇറാനിയൻ ചരിത്രകാരനും പ്രശസ്ത കവിയുമായ മുഹമ്മദ് അലി സാദി അൽ സൽത്താനയുടെ ചരിത്രരേഖകൾ പ്രകാരം ഭാരതീയരായ വ്യാപാരികൾക്ക് തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ഒരു ക്ഷേത്രം നിർമ്മിക്കാനുള്ള ഔദ്യോഗിക അനുമതി ലഭിക്കുന്നത് 1888 ലാണ്. തുടർന്ന് ദീർഘമായ നാലു വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. ഈ പ്രദേശം ലിറ്റിൽ ഇന്ത്യ അഥവാ ചെറിയ ഇന്ത്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ബന്ദർ അബ്ബാസ് വിഷ്ണു ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വാസ്തുവിദ്യാ ശൈലിയാണ്. പരമ്പരാഗത ഇന്ത്യൻ ക്ഷേത്ര നിർമ്മാണ രീതികളും പേർഷ്യൻ ഇസ്ലാമിക വാസ്തുവിദ്യയും തമ്മിലുള്ള മനോഹരമായ ഒരു സംയോജനമാണ് ഇതിൽ കാണാനാകുക. വെളുത്ത നിറത്തിലുള്ള വലിയൊരു താഴികക്കുടമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. പുറംഭാഗത്ത് ഹൈന്ദവ പുരാണങ്ങളിലെ പ്രതീകാത്മക രൂപങ്ങൾ കൊത്തിവെച്ച 72 ചെറിയ ഗോപുരങ്ങൾ കാണാം.
പവിഴക്കല്ല്, കളിമണ്ണ്, കുമ്മായം, പ്രത്യേകതരം മോർട്ടാർ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഈ മനോഹരമായ കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശ്രീകോവിലിലേക്ക് മുഴുവനായും പരക്കുന്ന രീതിയിലാണ് ജനാലകളും വാതിലുകളും ക്രമീകരിച്ചിരിക്കുന്നത്.
ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള ഇന്നത്തെ ഇറാനിൽ ഏകദേശം 90 ദശലക്ഷത്തോളം ജനങ്ങളാണ് താമസിക്കുന്നത്. 99.4 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്. എന്നാൽ ഇത്രയും വലിയ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യമായിട്ടും ഈ പുരാതന വിഷ്ണു ക്ഷേത്രത്തെ തകർക്കാനോ അവഗണിക്കാനോ തയ്യാറായിട്ടില്ല. ഇറാൻ സർക്കാർ ഇതിനെ ദേശീയ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിച്ചു പോരുന്നു.
യുദ്ധവും രാഷ്ട്രീയ ഭിന്നതകളും മനുഷ്യരെ അകറ്റുമ്പോഴും ഇത്തരം ചരിത്രസ്മാരകങ്ങൾ ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെ പാലമായി വർത്തിക്കുന്നു. ഒരു മുസ്ലിം സ്ത്രീയുടെ ശബ്ദത്തിൽ പേർഷ്യൻ ഭാഷയിൽ ആലപിക്കപ്പെട്ട വിഷ്ണു സ്തുതി ഇന്ന് ലോകത്തിന് നൽകുന്നത് സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും വലിയൊരു സന്ദേശമാണ്.