Thanks for watching! Content unlocked for this session.

ഭാര്യയറിയാതെ എഴുതിയ വിൽപത്രം; സുപ്രീംകോടതിയുടെ സുപ്രധാന വിധി

ഭാര്യയും മക്കളും അറിയാതെ എഴുതിയ വിൽപത്രം സാധുവാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. മുംബൈയിലെ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ഡൽഹിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് അദ്ദേഹം തന്റെ സഹോദരിക്ക് അനുകൂലമായി ഒരു വിൽപത്രം എഴുതി വെച്ചിരുന്നു. ഭാര്യയെയും മക്കളെയും ഒഴിവാക്കിക്കൊണ്ടായിരുന്നു ഈ വിൽപത്രം.

ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ മരണശേഷം ഭാര്യ തഹസിൽദാരെ സമീപിച്ച് സ്വത്തുക്കൾ തന്റെ പേരിലേക്ക് മ്യൂട്ടേഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് സഹോദരി വിൽപത്രം ഹാജരാക്കിയത്. എന്നാൽ റവന്യൂ ഓഫീസർ വിൽപത്രം തിരസ്കരിച്ച് ഭാര്യക്ക് അനുകൂലമായി മ്യൂട്ടേഷൻ അനുവദിച്ചു. തുടർന്ന് സഹോദരി വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ കൈവശവും ഉടമസ്ഥത അവകാശവും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തു.

വിചാരണ കോടതിയും അപ്പീൽ കോടതിയും വിൽപത്രം ശരിവെച്ചു. ഒടുവിൽ കേസ് സുപ്രീംകോടതിയിലെത്തി. വിൽപത്രം രജിസ്റ്റർ ചെയ്തിട്ടില്ലെന്നതും സ്വാഭാവിക അവകാശികളെ ഒഴിവാക്കിയതും ചൂണ്ടിക്കാട്ടി ഭാര്യ വിൽപത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു.

ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് വിൽപത്രം രജിസ്റ്റർ ചെയ്യണമെന്ന് നിയമത്തിൽ ഒരു നിബന്ധനയുമില്ലെന്ന് വ്യക്തമാക്കി. രജിസ്ട്രേഷൻ ഓപ്ഷണൽ ആണെന്നും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന കാരണത്താൽ വിൽപത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.

നിയമപരമായ അവകാശികളെ ഒഴിവാക്കിയതുകൊണ്ട് മാത്രം വിൽപത്രം സംശയാസ്പദമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം സ്വത്ത് വിനിയോഗിക്കാൻ പൂർണ അവകാശമുണ്ട്. വിൽപത്രത്തിൽ തന്നെ ഭാര്യക്കും കുട്ടികൾക്കും ജീവിതകാലത്ത് ആവശ്യമായ സ്വത്തുക്കൾ നൽകിയിട്ടുണ്ടെന്ന വിശദീകരണമുള്ളതിനാൽ അത് സംശയാസ്പദമായി പ്രഖ്യാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുടെ അപ്പീൽ തള്ളിക്കൊണ്ട് സുപ്രീംകോടതി വിൽപത്രത്തിന്റെ സാധുത ശരിവെച്ചു. സ്വന്തം സ്വത്തുക്കൾ വിൽപത്രമായി നൽകാൻ ഭാര്യയുടെയോ മക്കളുടെയോ അനുമതി ആവശ്യമില്ലെന്നും ഒഴിവാക്കപ്പെട്ട അവകാശികൾക്ക് വിൽപത്രത്തെ ചലഞ്ച് ചെയ്യാൻ നിയമപരമായ അവകാശമില്ലെന്നുമുള്ള നിയമസ്ഥിതിയാണ് ഈ വിധിയിലൂടെ വ്യക്തമായത്.