Thanks for watching! Content unlocked for this session.

മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ വിദ്യാർഥിയും കുറ്റിച്ചൽ അരികിൽ സ്വദേശിയുമായ വൈകാശിനെയാണ് വീടിനുള്ളിൽ ഷാൾ കഴുത്തിൽ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കൂൾ വിട്ട് വീട്ടിലെത്തിയ വൈകാശ് മാതാപിതാക്കളോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും അവർ നൽകാൻ തയാറായില്ല. ഇതേച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് രാത്രി 9.30ഓടെ വൈകാശ് മുറിയിൽ കയറി വാതിലടച്ചു. രാത്രി 10.45 ആയിട്ടും കുട്ടിയെ പുറത്തു കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ ജനലിലൂടെ നോക്കിയപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തുകടന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം വൈകാശിന്റെ സ്കൂളിലും ട്യൂഷൻ സെന്ററിലും എത്തിയ രക്ഷിതാക്കളോട്, പത്താം ക്ലാസിലായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ കുട്ടിയോട് ആവശ്യപ്പെട്ടത്. ഇതാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056).