ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ 19-കാരി താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പോലീസിന് മൊഴി നൽകി. വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച രാത്രി കടുത്ത വയറുവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്.
എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ മൂന്നു മാസമായി സ്വന്തം വീട്ടിലാണ് താമസം. ഇതര സംസ്ഥാന തൊഴിലാളിയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ഇപ്പോൾ ബന്ധമില്ലെന്നും അയാൾ ഗർഭത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. അമ്മ മാനസികാസ്വാസ്ഥ്യത്താൽ ചികിത്സയിലാണ്. വീട്ടിൽ അച്ഛനും അനുജത്തിയും ഉണ്ടായിരുന്നിട്ടും ആരും ഗർഭം തിരിച്ചറിഞ്ഞില്ല. പ്രസവശേഷം കുഞ്ഞിനെ ആശുപത്രിക്കു പിന്നിലേക്ക് എറിഞ്ഞെങ്കിലും കരച്ചിൽ കേട്ട് ജീവനക്കാർ എത്തി കുഞ്ഞിനെ രക്ഷിച്ചു. 2.9 കിലോ ഭാരമുള്ള കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലും പോലീസ് കസ്റ്റഡിയിലുമാണ്. കുഞ്ഞിനെ വേണ്ടെന്ന് യുവതി രേഖാമൂലം അറിയിച്ചതിനാൽ ഡിസ്ചാർജിനു ശേഷം ആലപ്പുഴ ശിശുവിഹാറിലേക്ക് മാറ്റും.