Thanks for watching! Content unlocked for this session.

കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യം

ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ 19-കാരിക്ക് മനംമാറ്റം. തുടക്കത്തിൽ കുഞ്ഞിനെ വേണ്ടെന്ന് നിലപാടെടുത്ത യുവതി, ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാൻ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് യുവതി ഈ ആവശ്യം ഉന്നയിച്ചത്.

എന്നാൽ പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വധിക്കാൻ ശ്രമിച്ച അമ്മയ്ക്ക് കുട്ടിയെ വിട്ടുനൽകുന്നതിൽ കടുത്ത സാങ്കേതിക തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിൽ താൽക്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ശിശു വികാസ് ഭവനിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസിന്റെ റിപ്പോർട്ട് കൂടി വിശദമായി പരിശോധിച്ച ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ എന്ന് സി.ഡബ്ല്യു.സി. ചെയർപേഴ്സൺ അഡ്വ. ബി. ഗീത വ്യക്തമാക്കി.

വയറുവേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് യുവതി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ വധിക്കാൻ ശ്രമിച്ചതിന് യുവതിക്കെതിരെ ഹരിപ്പാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.