ആലപ്പുഴയിൽ കഴുത്തിൽ കല്ലുകെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രകാശനുമായി പോലീസ് നടത്തിയ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ. കൊല്ലപ്പെട്ട ആറാട്ടുപുഴ സ്വദേശി തങ്കമ്മയുടെ (80) വീട്ടിൽ പ്രതിയെ എത്തിച്ചപ്പോഴാണ് മകനും നാട്ടുകാരും വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്.
തെളിവെടുപ്പിനായി പ്രതിയെ വീടിനുള്ളിലേക്ക് കൊണ്ടുപോകുന്നതിനിടെ, “എന്തിനാടാ എന്റെ അമ്മയെ കൊന്നത്” എന്ന് ചോദിച്ച് തങ്കമ്മയുടെ മകൻ പ്രകാശന് നേരെ പാഞ്ഞടുത്തു. എന്നാൽ മകനെ പിടിച്ചുമാറ്റിയ പോലീസ് ഉദ്യോഗസ്ഥർ “മാറി നിൽക്കടാ അങ്ങോട്ട്” എന്ന് ആക്രോശിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അമ്മയെ നഷ്ടപ്പെട്ട വേദനയോടെ ചോദിച്ച മകനോട് പോലീസ് ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്.
കടബാധ്യതകൾ തീർക്കാൻ തങ്കമ്മയുടെ സ്വർണം കവർന്നു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഞായറാഴ്ച വീട്ടിൽ ഗ്യാസ് സിലിണ്ടർ വെച്ചുകൊടുക്കാൻ എത്തിയപ്പോഴാണ് തങ്കമ്മയുടെ ശരീരത്തിലെ സ്വർണം പ്രകാശന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അന്ന് രാത്രി തന്നെ കൊലപാതകം നടത്തുകയായിരുന്നു. കായലിൽ കണ്ടെത്തിയ മൃതദേഹത്തിൽ കെട്ടിയിരുന്ന കയറിന്റെ പ്രത്യേകതയും പ്രകാശൻ പെട്ടെന്ന് കടങ്ങൾ വീട്ടിയതുമാണ് അന്വേഷണം ഇയാളിലേക്ക് വേഗത്തിൽ എത്തിച്ചത്.