വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അലക്സാണ്ടർ ജേക്കബ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷവും വിമർശനവും ഉയരുന്നു. ബലാത്സംഗത്തെ വളരെ നിസ്സാരവൽക്കരിച്ചും, തികച്ചും ഉത്തരവാദിത്തമില്ലാത്ത രീതിയിലും അദ്ദേഹം സംസാരിച്ചതാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.
കേസിലെ ഒരു പ്രതിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് സംസാരിക്കവെ, മധ്യവയസ്കരായ സ്ത്രീകളെ പീഡിപ്പിച്ചത് സമ്മതിക്കാമെന്നും എന്നാൽ ആ വീട്ടിലെ മുത്തശ്ശിയെയും വിവാഹം കഴിക്കാത്ത കൊച്ചുമകളെയും എന്തിനാണ് പീഡിപ്പിച്ചത് എന്ന് താൻ പ്രതിയോട് ചോദിച്ചതായി അലക്സാണ്ടർ ജേക്കബ് വെളിപ്പെടുത്തുന്നു. പീഡനം പോലുള്ള ഗുരുതരമായ ഒരു ക്രിമിനൽ കുറ്റത്തെ ഇരകളുടെ പ്രായത്തിന്റെയും വിവാഹജീവിതത്തിന്റെയും അടിസ്ഥാനത്തിൽ തരംതിരിച്ച് ന്യായീകരിക്കുന്ന രീതിയിലാണ് ഈ പരാമർശമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുജനം ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഇതിനുപുറമേ, ‘ദൃശ്യം’ സിനിമയിലെ മാതൃകയിൽ മൃതദേഹം മറവു ചെയ്താൽ കേസ് അന്വേഷണം ദീർഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാൻ സഹായിക്കുമെന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവനയും വലിയ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ ഇത്തരം കാര്യങ്ങൾ പരസ്യമായി പറയുന്നത് കുറ്റവാസനയുള്ളവർക്ക് പുതിയ ആശയങ്ങളും പ്രോത്സാഹനവും നൽകാൻ മാത്രമേ സഹായിക്കൂ എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.