താരസംഘടനയായ അമ്മയിൽ വീണ്ടും ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. മുൻ ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസൻ രംഗത്ത് വന്നതോടെയാണ് അമ്മയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരസ്യമായത്. ടിനി ടോം തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയും മതത്തിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തുവെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ന്യൂസ് എൽ ആയിരുന്നു റാഹുൽ ഈശ്വർ അടക്കമുള്ളവർ പങ്കെടുത്ത ആ ചർച്ച. ചർച്ചയ്ക്കിടെ ‘അമ്മയുടെ നായർ’ എന്ന പ്രയോഗത്തെ ചൊല്ലി തർക്കം രൂക്ഷമായി. തനിക്കെതിരെ സഹപ്രവർത്തകരിൽ നിന്ന് തന്നെ ആസൂത്രിതമായ ഗൂഢാലോചന നടന്നതായി അൻസിബ ഹസൻ പറഞ്ഞു. ഒരു വനിതാ എക്സിക്യൂട്ടീവ് അംഗം നൽകിയ വ്യാജ പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനമാണെന്നും ആ ആഘാതത്തിൽ നിന്നും താൻ ഇപ്പോഴും മുക്തയായിട്ടില്ല എന്നും അൻസിബ വെളിപ്പെടുത്തി.
താനിങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, ഇതൊക്കെ ഗൂഢാലോചനയാണ് എന്നാണ് ടിനി ടോമും പ്രതികരിച്ചത്. അൻസിബയുടെ പരാതി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും സംഘടനയിൽ ഒരു നല്ല ക്യാമ്പെയിൻ നടക്കുന്ന ദിവസം തന്നെ അൻസിബ ഇത്തരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കണമെന്നുമാണ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ പ്രതികരിച്ചത്. പ്രസിഡന്റും സഹഭാരവാഹികളും നീതി നിഷേധിച്ചപ്പോഴാണ് തനിക്ക് പദവി രാജിവെക്കേണ്ടി വന്നത് എന്നും അൻസിബ വ്യക്തമാക്കി. മുതിർന്ന അംഗമായ ടി.ഡി. ടോമിനെതിരെ ഉയർന്ന മതപരിവർത്തന ആരോപണങ്ങളും ഈ തർക്കത്തിന് ആക്കം കൂട്ടുന്നുണ്ട്.