വിവാഹ നിശ്ചയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയെ തുടർന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ച കേസിൽ യുവതിയും കൂട്ടുകാരിയും അറസ്റ്റിലായി. ശൂരനാട് സ്വദേശിനിയായ ആരതി (26), സുഹൃത്ത് ഇടുക്കി സ്വദേശിനി ഗായത്രി മോഹൻ എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വിവേകിന്റെ അഞ്ചൽ ആർച്ചലിലെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് ഇവർ കത്തിച്ചത്.
പ്രധാന പ്രതിയായ ആരതിയും വിവേകും തമ്മിലുള്ള വിവാഹനിശ്ചയം വരെ എത്തിയ ബന്ധത്തിൽ നിന്നും വിവേക് പിന്മാറിയതാണ് പ്രതികാരത്തിന് കാരണമായത്. സംഭവദിവസം വൈകിട്ട് വിവേകിന്റെ വീടിന് സമീപമെത്തിയ യുവതികൾ, രാത്രിയോടെ ബൈക്കിന് തീ കൊളുത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും, യുവതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് ഗൂഗിൾ പേ വഴി പണം നൽകിയ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
പോലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആരതി, ആശുപത്രിയിൽ ചികിത്സ തേടി സുഖം പ്രാപിച്ച ശേഷമാണ് തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചത്. അഞ്ചൽ സിഐ ബിജു, എസ്ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷയോടെയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.