Thanks for watching! Content unlocked for this session.

മകൾ കീർത്തനയുടെ വിവാഹനിശ്ചയം ഗംഭീരമാക്കി നടി ആശാ ശരത്ത്; ആശംസകളുമായി താരനിര

പ്രശസ്ത നടി ആശാ ശരത്തിന്റെ ഇളയ മകൾ കീർത്തനയുടെ വിവാഹനിശ്ചയം കൊച്ചിയിൽ വെച്ച് ഗംഭീരമായി നടന്നു. അഖിലാണ് കീർത്തനയ്ക്ക് മോതിരം അണിയിച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മലയാള സിനിമയിലെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

അമ്മയെയും ചേച്ചിയെയും പോലെ സിനിമാ മേഖലയിലല്ല കീർത്തന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാനഡയിലെ വെസ്റ്റേൺ സർവ്വകലാശാലയിൽ നിന്ന് സിന്തറ്റിക് ബയോളജിയിൽ ബിരുദം നേടിയ ആളാണ് കീർത്തന. കൊച്ചിയിൽ നടന്ന ചടങ്ങിൽ ജനപ്രിയ നായകൻ ദിലീപ്, സുരേഷ് ഗോപി, ഭാര്യ രാധിക, ജയറാം തുടങ്ങി മലയാള സിനിമയിലെ വമ്പൻ താരനിര തന്നെ ആശംസകളുമായി എത്തിയിരുന്നു.

2023ലായിരുന്നു ആശാ ശരത്തിന്റെ മൂത്ത മകൾ ഉത്തരയുടെ വിവാഹം വലിയ ആഘോഷമായി നടന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ ഇളയ മകളുടെ വിവാഹനിശ്ചയ ചടങ്ങുകളും കുടുംബം ആഘോഷമാക്കിയിരിക്കുന്നത്. ചടങ്ങുകൾ ലളിതമായാണ് നടത്തിയതെന്ന് ആശാ ശരത്ത് പറയുന്നുണ്ടെങ്കിലും അതീവ മനോഹരമായാണ് വിവാഹനിശ്ചയം പൂർത്തിയായത്. ഉടൻ തന്നെ ഉണ്ടാകാനിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരും താരങ്ങളുമാണ് കീർത്തനയ്ക്കും അഖിലിനും ആശംസകൾ നേരുന്നത്.