നെടുമങ്ങാട് ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അഷ്കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഭാര്യ ആമിന രംഗത്ത്. അഷ്കറിന്റെ അതിക്രൂരമായ മർദ്ദനത്തെത്തുടർന്ന് മാസങ്ങളോളം കോമയിലായിരുന്ന 21-കാരിയായ ആമിന നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ഫിസിയോതെറാപ്പി സെന്ററിൽ പൂർണ്ണമായും തളർന്ന അവസ്ഥയിലാണ് ചികിത്സയിൽ കഴിയുന്നത്.
2022-ൽ, തന്റെ 18-ാം വയസ്സിലായിരുന്നു ആമിനയും അഷ്കറും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന്റെ പിറ്റേ ദിവസം മുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അഷ്കറും അമ്മയും സഹോദരിയും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ആമിന വെളിപ്പെടുത്തുന്നു. തല ഭിത്തിയിലിടിപ്പിക്കുക, കെട്ടിത്തൂക്കാൻ ശ്രമിക്കുക, കിണറ്റിലിട്ട് കൊല്ലാൻ നോക്കുക, വായിൽ ബലമായി വിഷമൊഴിക്കുക തുടങ്ങിയ ക്രൂരതകൾക്ക് താൻ ഇരയായതായി ആമിന പറയുന്നു.
ഒരു ദിവസം രാത്രി അഷ്കർ തല ഭിത്തിയിൽ ചേർത്ത് ക്രൂരമായി ഇടിച്ചതിനെത്തുടർന്നാണ് ആമിന ഗുരുതരാവസ്ഥയിലാവുകയും പിന്നീട് 13 മാസത്തോളം കോമയിലാവുകയും ചെയ്തത്. ഈ സംഭവത്തിൽ നെടുമങ്ങാട് പോലീസിൽ പലതവണ പരാതി നൽകിയെങ്കിലും അഷ്കറിന്റെ സ്വാധീനം മൂലം പോലീസ് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ആമിനയുടെ മാതാവ് ഷാജിലാ ബീവി ആരോപിക്കുന്നു. കൂടാതെ, മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് ഷാജിലാ ബീവിയെ അഷ്കർ മർദ്ദിച്ചതായും ഇവർക്കെതിരെ വധഭീഷണിയുണ്ടായിരുന്നതായും കുടുംബം വ്യക്തമാക്കുന്നു.