Thanks for watching! Content unlocked for this session.

സ്കൂൾ കെട്ടിടം തകർന്നതിൽ മുൻ മന്ത്രി ശിവൻകുട്ടി മറുപടി പറയണം: മേയർ വി.വി. രാജേഷ്

അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂൾ വളപ്പിലെ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) ഓഫീസ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മറുപടി പറയണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു. പൊളിച്ചുകളയേണ്ട പഴയ കെട്ടിടം പുതുക്കിപ്പണിയാനായി മുൻ മന്ത്രി മൂന്ന് കോടി രൂപ പാഴാക്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നും മേയർ ആവശ്യപ്പെട്ടു. സംഭവത്തിൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കുട്ടികളും അധ്യാപകരും പോയതിനു ശേഷം വൈകുന്നേരം ആറുമണിയോടെയാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്. അതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അതേസമയം, സംഭവം അതീവ ഗൗരവതരമാണെന്ന് പ്രതികരിച്ച മുൻ മന്ത്രി വി. ശിവൻകുട്ടി, കെട്ടിടത്തിന് കോർപ്പറേഷനിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

തകർന്നത് നിലവിൽ സ്കൂൾ ക്ലാസ് മുറിയായി പ്രവർത്തിച്ചിരുന്ന കെട്ടിടമല്ലെന്നും വർഷങ്ങൾക്ക് മുമ്പ് സ്കൂളായിരുന്ന ഇത് ഇപ്പോൾ എസ്.എസ്.കെ ഓഫീസായാണ് പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ഫിറ്റ്നസ് പരിശോധനയിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഡി.ഡി.ഇയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.