Thanks for watching! Content unlocked for this session.

തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു

തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അധ്യാപകരും കുട്ടികളും സ്കൂൾ സമയം കഴിഞ്ഞ് മടങ്ങിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഓടിട്ട സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയെ താങ്ങിനിർത്തിയിരുന്ന തടികൾ ദ്രവിച്ചതിനെ തുടർന്നാണ് കെട്ടിടത്തിന്റെ പകുതിയോളം ഭാഗം നിലംപതിച്ചത്. സമഗ്ര ശിക്ഷാ കേരളയുടെ (എസ്.എസ്.കെ) ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. പുറമേ സീലിംഗ് ചെയ്തും പെയിന്റ് അടിച്ചും കെട്ടിടം മോടിപിടിപ്പിച്ചിരുന്നെങ്കിലും ഇതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.

നിലവിൽ ഈ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന അതീവ അപകടാവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ സ്കൂൾ പരിസരത്തേക്ക് പ്രവേശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.