തെന്നിന്ത്യൻ സൂപ്പർതാരം അജിത് കുമാറിന്റെ സിനിമാ കരിയറിന്റെ തുടക്കത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബജീവിതത്തെക്കുറിച്ചും ചലച്ചിത്ര നിരീക്ഷകനും നടനുമായ ബയിൽവൻ രംഗനാഥൻ പങ്കുവെച്ച വെളിപ്പെടുത്തലുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുൻപ് മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി നോക്കിയിരുന്ന അജിത്, ഹൈദരാബാദിൽ വെച്ചാണ് തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചതെന്നും അതിനുശേഷമാണ് ചെന്നൈയിലെത്തി തമിഴ് സിനിമയിൽ സജീവമായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കരിയറിൽ തിളങ്ങിനിന്ന സമയത്ത് നടി ശാലിനിയെ അജിത് വിവാഹം കഴിക്കുന്നത് വലിയ അമ്പരപ്പോടെയാണ് സിനിമാലോകം കണ്ടത്. മകളെ നന്നായി നോക്കിക്കൊള്ളാമെന്ന് അജിത് ഉറപ്പ് നൽകിയ ശേഷമാണ് ശാലിനിയുടെ പിതാവ് ഈ വിവാഹത്തിന് സമ്മതിച്ചത്. വിവാഹശേഷം ശാലിനി അഭിനയം നിർത്തിയതിന് പിന്നിലെ കാരണവും രംഗനാഥൻ വെളിപ്പെടുത്തുന്നുണ്ട്. ഭാര്യയുടെ ശമ്പളത്തിൽ താൻ ജീവിക്കേണ്ടതില്ലെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു അജിത്. കൂടാതെ, ശാലിനിയും പ്രശാന്തും ഒന്നിച്ച ‘നിറം’ സിനിമയുടെ തമിഴ് റീമേക്കിന്റെ സമയത്ത്, വിവാഹശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത് കർശന നിലപാട് എടുത്തിരുന്നതായി സംവിധായകൻ കമലും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
അജിത്തിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും പിതാവുമായുള്ള അകൽച്ചയെക്കുറിച്ചും രംഗനാഥൻ സംസാരിക്കുന്നുണ്ട്. പാലക്കാട് സ്വദേശിയായ പിതാവ് ബാലസുബ്രഹ്മണ്യം അയ്യരുമായി അജിത്തിന് അത്ര നല്ല ആത്മബന്ധമുണ്ടായിരുന്നില്ലെന്നും വിവാഹച്ചടങ്ങുകളിൽ പോലും പിതാവ് സജീവമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ അമ്മയോട് വലിയ അടുപ്പമാണ് താരം സൂക്ഷിച്ചിരുന്നത്. മാതാപിതാക്കൾ അന്തരിച്ച സമയത്ത് അത് തന്റെ സ്വകാര്യ ദുഃഖമാണെന്നും ആരും വരേണ്ടതില്ലെന്നും അജിത് സിനിമാലോകത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, നടൻ വിജയ് ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾ അദ്ദേഹത്തെ നേരിൽ കണ്ട് ആശ്വാസം അറിയിച്ചിരുന്നു.