Thanks for watching! Content unlocked for this session.

34 വർഷം പഴക്കമുള്ള കേസ്: 85-കാരന് മൂന്ന് വർഷം കഠിനതടവ് വിധിച്ച് ബീഹാർ കോടതി

34 വർഷം പഴക്കമുള്ള വധശ്രമക്കേസിൽ 85 വയസ്സുകാരനായ ദീപ് റായിക്ക് ബീഹാർ കോടതി മൂന്ന് വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. ബീഹാറിലെ വൈശാലി ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി മനോജ് കുമാർ തിവാരിയാണ് ഈ വിധി പ്രസ്താവിച്ചത്. പ്രതിയുടെ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കോടതി ഇയാൾക്ക് താൽക്കാലിക ജാമ്യം അനുവദിച്ചപ്പോൾ, കേസിലെ മറ്റ് നാല് പ്രതികളായ ലോകേശ്വര റായ്, സുരേഷ് റായ്, ഉദകേശ്വർ റായ്, ജഗതീഷ് റായ് എന്നിവർക്ക് പത്ത് വർഷം വീതം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.

1992 ഡിസംബർ 10-ന് ബീഹാറിലെ രാഘവപൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതുവഴിയിൽ കുപ്പിച്ചില്ലുകൾ വിതറിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ പ്രതികൾ നാടൻ തോക്കുകളുമായി എത്തി ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അന്ന് 51 വയസ്സുകാരനായിരുന്ന ദീപ് റായിയാണ് വെടിവെക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചതെന്ന് കോടതി കണ്ടെത്തി.

ദീർഘകാലം നീണ്ടുപോയ വിചാരണയ്ക്കിടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പേർ മരണപ്പെട്ടിരുന്നു. 1993-ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണയിലെ കാലതാമസം കാരണം 2011-ലാണ് പ്രതികൾക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. നിലവിൽ ശാരീരികമായി അതീവ ദുർബലനായ ദീപ് റായിയെ രണ്ടുപേർ താങ്ങിപ്പിടിച്ച് കോടതിയിൽ നിന്ന് കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിചാരണയിലെ കാലതാമസം കണക്കിലെടുത്ത് ഇദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയസിംഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.