Thanks for watching! Content unlocked for this session.

പൊരുതി നേടിയ മന്ത്രി പദം: ബിന്ദു കൃഷ്ണയുടെ പ്രചോദനപരമായ ജീവിതം

കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും കനൽ വഴികളിൽ ഒന്നിനുപുറകെ ഒന്നായി താണ്ടി കരിയറിലെയും രാഷ്ട്രീയത്തിലെയും പരാജയങ്ങളുടെ കൈപ്പുനീർ പൂർണമായും കുടിച്ചുവറ്റിച്ച് ഒടുവിൽ ജനപിന്തുണയുടെയും വിജയത്തിന്റെയും അത്യുന്നത കൊടുമുടിയിൽ എത്തിനിൽക്കുകയാണ് അഡ്വക്കേറ്റ് ബിന്ദുകൃഷ്ണ.

സ്കൂളിൽ പഠിക്കുന്ന കാലത്ത് രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനൊപ്പം ജീവിക്കാൻ വേണ്ടി അച്ഛൻ നടത്തിയിരുന്ന ചെറിയ ചായക്കടയിൽ പാത്രം കഴുകിയും മേശതുടച്ചും വീട്ടുപണികളെല്ലാം ഒറ്റയ്ക്ക് തീർത്തും പഠിക്കാൻ പോയിരുന്ന ആ സാധാരണ പെൺകുട്ടിയാണ് ഇന്ന് കേരളത്തിന്റെ പുതിയ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

കോൺഗ്രസിന്റെ സമരമുഖങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത വനിതാ സാന്നിധ്യമായി മാറി പോലീസിന്റെ ലാത്തി ചാർജുകൾക്കും ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് തെല്ലും പതറാതെ പോരാടിയ ഈ വനിതാ നേതാവിന്റെ രാഷ്ട്രീയ വളർച്ച ഏതൊരു സാധാരണക്കാരനെയും അതിശയിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ്.

1972 മെയ് 24ന് കൊല്ലം ജില്ലയിലെ ചാത്തന്നൂരിലായിരുന്നു ബിന്ദുകൃഷ്ണയുടെ ജനനം. പിതാവ് പി. സുകുമാരൻ ഒരു ചിട്ടി ബിസിനസ് നടത്തിയിരുന്നു. മാതാവ് ബി. വസുമതി കൊല്ലത്തെ കശുവണ്ടി തൊഴിലാളിയായിരുന്നു. എന്നാൽ അമ്മയുടെ പ്രധാന ശസ്ത്രക്രിയയെ തുടർന്ന് കുടുംബം സാമ്പത്തികമായി തകർന്നു. അച്ഛൻ രോഗിണിയായ അമ്മയെയും കൊണ്ട് ആശുപത്രികൾ തോറും നെട്ടോട്ടം ഓടിയപ്പോൾ കൊച്ചുബിന്ദുവിന്റെ ചുമലിൽ കുടുംഭ ഉത്തരവാദിത്വങ്ങൾ വന്നുവീണു.

നിയമത്തിൽ എൽഎൽഎം ബിരുദം നേടിയ ബിന്ദു 15 വർഷക്കാലം കൊല്ലം പ്രമുഖ ബാറിൽ അഭിഭാഷകയായി പ്രവർത്തിച്ചു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയും അറിയപ്പെടുന്ന അഭിഭാഷകനുമായ എസ്. കൃഷ്ണകുമാറാണ് ഭർത്താവ്. ഏകമകൻ ശ്രീകൃഷ്ണയും ഇപ്പോൾ അമ്മയുടെ രാഷ്ട്രീയ വഴിയിലൂടെ മുന്നേറുന്നു.

1987ൽ കൊല്ലം എസ്.എൻ. വനിതാ കോളേജിൽ കെഎസ്യു യൂണിറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയായാണ് രാഷ്ട്രീയ യാത്ര തുടങ്ങിയത്. 2011ൽ ചാത്തന്നൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എ. സമ്പത്തിനോട് പരാജയപ്പെട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് മത്സരിച്ചെങ്കിലും എം. മുകേഷിനോട് 2022 വോട്ടുകൾക്ക് പരാജയപ്പെട്ടു.

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷവും ബിന്ദുകൃഷ്ണ തളർന്നില്ല. കൊല്ലം മണ്ഡലത്തിലെ ഓരോ ഗ്രാമങ്ങളിലും വീടുകളിലും ഓടിനടന്ന് ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചു. സിറ്റിംഗ് എംഎൽഎയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രാദേശിക സമരങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ യുഡിഎഫ് തരംഗത്തിനൊപ്പം ബിന്ദുകൃഷ്ണ കെട്ടിപ്പെടുത്തിയ വ്യക്തിബന്ധങ്ങളും കാരുണ്യ പ്രവർത്തനങ്ങളും കരുത്തായി. 18,030 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തോടെ കൊല്ലത്തുനിന്ന് മിന്നുന്ന ജയം സ്വന്തമാക്കി. ഇരിക്കാൻ കസേര പോലും ഇല്ലാതിരുന്ന തകർന്ന പാർട്ടി ഓഫീസിൽ നിന്ന് തുടങ്ങി കോൺഗ്രസിന്റെ പ്രൗഢഗംഭീരമായ ആസ്ഥാന മന്ദിരം പണിതുയർത്തിയ ബിന്ദുവിന്റെ സംഘടനാ പാടവത്തിന് ജനങ്ങൾ ബാലറ്റിലൂടെ നൽകിയ അംഗീകാരമായിരുന്നു ഈ വിജയം.