Thanks for watching! Content unlocked for this session.

പാലക്കാട് ഇസ്ലാമിക നിയമപ്രകാരം പ്രവർത്തിക്കുന്ന ജിമ്മിനെതിരെ ബിജെപി പോലീസിൽ പരാതി നൽകി

പാലക്കാട് ജില്ലയിലെ പുതുനഗരത്തിൽ ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ അനുസരിച്ച് ജിം പ്രവർത്തിക്കുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ ബിജെപി പോലീസിൽ പരാതി നൽകി. പൊതുവാണിജ്യ സ്ഥാപനങ്ങളിൽ മതപരമായ നിയന്ത്രണങ്ങളും വേർതിരിവുകളും കൊണ്ടുവരുന്നത് വർഗീയ ധ്രുവീകരണത്തിനും ക്രമസമാധാന തകർച്ചയ്ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കേസ് എടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

പുതുനഗരത്തിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന എഎസ്ബി ജിം അടുത്തിടെ നവീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഉടമസ്ഥനായ നവാസ് മുത്തൂറ്റിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തുവന്ന പ്രൊമോഷണൽ വീഡിയോയാണ് വിവാദങ്ങൾക്ക് കാരണമായത്. ജിമ്മിനുള്ളിൽ പാട്ടുകൾ ഒഴിവാക്കുക, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ച് പരിശീലനം നൽകാതെ പ്രത്യേക സമയക്രമം ഏർപ്പെടുത്തുക, ശരീരം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണ രീതി കർശനമാക്കുക, വെറുതെയുള്ള സൗഹൃദ സംഭാഷണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നിവയാണ് പുതിയ നിയമങ്ങൾ. എന്നാൽ ഈ നിയമങ്ങൾ അനുസരിക്കാൻ തയ്യാറുള്ള മറ്റ് മതസ്ഥർക്കും പ്രവേശനം നൽകുമെന്നും ലാഭം മാത്രം ലക്ഷ്യമിട്ടല്ല തങ്ങൾ ജിം നടത്തുന്നതെന്നും ഉടമസ്ഥർ വ്യക്തമാക്കുന്നു.

സംഭവത്തിൽ കടുത്ത രാഷ്ട്രീയ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. കേരളത്തിന്റെ ചില ഭാഗങ്ങളെ താലിബാൻ വൽക്കരണത്തിലേക്ക് നയിക്കുന്ന ഇത്തരം അപകടകരമായ നീക്കങ്ങളെക്കുറിച്ച് എൻഡിഎ മുന്നണി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയം കാരണം തീവ്ര ചിന്താഗതിയുള്ള ഗ്രൂപ്പുകൾക്ക് നിയമത്തെ ഭയമില്ലാതായിരിക്കുകയാണെന്നും, കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപ് സംസ്ഥാനത്തെ ഇത്തരം അട്ടിമറി നീക്കങ്ങൾ തടയാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.