ബിടെക് പഠനത്തിന് ശേഷം കരിമ്പ് കൃഷിയിലേക്കും തത്സമയ ശർക്കര നിർമ്മാണത്തിലേക്കും തിരിഞ്ഞ് വിജയഗാഥ രചിക്കുകയാണ് പാലാ സ്വദേശിയായ മനു മാത്യു. പാലാ-തൊടുപുഴ പാതയിലെ നെല്ലാപ്പാറയിലുള്ള ഇദ്ദേഹത്തിന്റെ നിർമ്മാണ യൂണിറ്റിൽ എത്തുന്നവർക്ക് ലൈവായി ശർക്കര നിർമ്മിക്കുന്നത് കാണാനും ചൂടോടെ വാങ്ങി കൊണ്ടുപോകാനും സാധിക്കും.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശയാത്ര മുടങ്ങിയപ്പോഴാണ് മനു കരിമ്പ് കൃഷിയിലേക്ക് തിരിയുന്നത്. തുടക്കത്തിൽ വലിയ വെല്ലുവിളികളും നഷ്ടങ്ങളും നേരിട്ടെങ്കിലും, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പോയി കൃഷിരീതികളെക്കുറിച്ച് പഠിച്ചും ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും ഈ രംഗത്ത് അദ്ദേഹം വിജയം കൈവരിച്ചു.
സാധാരണ ശർക്കരയ്ക്ക് പുറമെ ജീരകം, ഏലക്ക, ചുക്ക് എന്നിവ ചേർത്ത പ്രത്യേക ശർക്കരയും, പാനി, പതിയൻ ശർക്കര തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട്. ഓൺലൈൻ വഴിയും തപാൽ മാർഗ്ഗവും ഇന്ത്യയിലുടനീളം ഉൽപ്പന്നങ്ങൾ എത്തിക്കുന്ന മനുവിന്റെ അടുത്ത ലക്ഷ്യം കേരളത്തിലെ ഏറ്റവും വലിയ ശർക്കര മില്ലും നൂറിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും യാഥാർത്ഥ്യമാക്കുക എന്നതാണ്.