Thanks for watching! Content unlocked for this session.

പത്തനംതിട്ടയിൽ കാനറ ബാങ്ക് ഷട്ടറിനുള്ളിൽ അണലി; ജീവനക്കാർ വഴിമുട്ടി, ബാങ്ക് തുറക്കാൻ വൈകി

പത്തനംതിട്ടയിൽ കാനറ ബാങ്ക് ശാഖയുടെ ഷട്ടറിന് സമീപം അണലിപ്പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് തുറക്കാനാകാതെ ജീവനക്കാർ വഴിമുട്ടി. രാവിലെ പത്ത് മണിയോടെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിന്റെ പൂട്ടിന് സമീപമുള്ള ചെറിയ പൊത്തിൽ പാമ്പ് ഇരിക്കുന്നത് കണ്ടത്.

പത്തനംതിട്ട തനിമ ഹോട്ടലിന് എതിർവശത്തുള്ള കാനറ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. ജീവനക്കാർ കൃത്യസമയത്ത് പാമ്പിനെ കണ്ടതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്. പാമ്പിനെ കണ്ടതിനെ തുടർന്ന് ജീവനക്കാർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കാത്തതിനാൽ മുക്കാൽ മണിക്കൂറോളം വൈകിയാണ് ബാങ്ക് തുറന്നു പ്രവർത്തിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർആർടി (ദ്രുതകർമ്മ സേന) പാമ്പുപിടുത്തക്കാരൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി. പിടികൂടിയ ചെറിയ അണലിപ്പാമ്പിനെ വനംവകുപ്പിന് കൈമാറുമെന്നും തുടർന്ന് ഇതിനെ കാട്ടിൽ തുറന്നുവിടുമെന്നും അധികൃതർ അറിയിച്ചു.