തലസ്ഥാന നഗരത്തെ പൂർണമായും വെള്ളത്തിനടിയിലാക്കി ശക്തമായ കനത്ത മഴ പെയ്തു. കേവലം ഒരു മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ പ്രധാന റോഡുകൾ എല്ലാം തോടുകളായി മാറി. ഓടകൾ നിറഞ്ഞു കവിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകിയതോടെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ദുരിതത്തിലായി.
റോഡുകളിൽ മുട്ടം വെള്ളം ഉയർന്നതിനെ തുടർന്ന് കെഎസ്ആർടിസി ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ പോലും വെള്ളം തുഴഞ്ഞു കഷ്ടിച്ചാണ് മുന്നോട്ടു നീങ്ങിയത്. ഇരുചക്ര വാഹനങ്ങൾ പലതും വളരെ ബുദ്ധിമുട്ടിയാണ് നഗരത്തിലൂടെ കടന്നുപോയത്. വഴിയാത്രക്കാർ തെന്നി വീഴാതെയും ഓടകളിൽ അകപ്പെടാതെയും അതീവ ജാഗ്രതയോടെ റോഡ് മുറിച്ചു കടന്നു.
പ്രധാനമായും തമ്പാനൂരും ഈസ്റ്റ് ഫോർട്ടും ആണ് വെള്ളത്തിനടിയിൽ ആയിട്ടുള്ളത്. നഗരസഭ മേയർ വിവി രാജേഷ് പ്രതികരണവുമായി എത്തി. നാലുമാസം മാത്രമായതേയുള്ളൂ അധികാരത്തിൽ കയറിയിട്ട്, തങ്ങളാൽ സാധിക്കുന്നതൊക്കെ ചെയ്തിട്ടുണ്ടെന്നും റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് പ്രധാന പരിമിതിയെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂരിലെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എല്ലാ വകുപ്പുകളും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.