കാസർഗോഡ് തൃക്കരിപ്പൂരിലെ ഒരു തറവാട്ടുവിട്ടിലെ കിണർ പുനർനിർമ്മിക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ലോഹപ്പെട്ടിയും അപൂർവ്വ രൂപങ്ങളും കണ്ടെത്തി. ഇളമ്പച്ചി തെക്കുമപാട് വടക്കേപ്പുരയിൽ തറവാട്ടിലെ പഴയ കിണർ പുതുക്കിപ്പണിയുന്നതിനിടയിലാണ് കിണറിന്റെ അടിഭാഗത്തെ നെല്ലിപ്പലകയിൽ ഉറപ്പിച്ച നിലയിൽ ഈ പെട്ടി കണ്ടെത്തിയത്.
പെട്ടിക്കുള്ളിൽ ഒരു ആൾരൂപം, ആമയുടെ ആകൃതിയിലുള്ള രണ്ട് രൂപങ്ങൾ, ഒരു നേർത്ത സ്വർണ്ണത്തകിട് എന്നിവയാണ് ഉണ്ടായിരുന്നത്. ഈ വസ്തുക്കൾക്ക് കുറഞ്ഞത് 200 വർഷത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പണ്ടുകാലത്ത് പ്രധാന നിർമ്മിതികൾ ആരംഭിക്കുമ്പോൾ അതിന്റെ അടിത്തറയിൽ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നിക്ഷേപിക്കുന്ന പതിവുണ്ടായിരുന്നു. തറവാട്ടിലെ കാരണവന്മാർ പ്രത്യേക താന്ത്രിക ആചാരപരമായ ഉദ്ദേശത്തോടെ കിണറിന്റെ അടിത്തറയിൽ സ്ഥാപിച്ചതാകാം ഇതെന്നാണ് കരുതപ്പെടുന്നത്.
കിണർ പണിക്കാർ പുറത്തെടുത്തു മാറ്റിയ പഴയ നെല്ലിപ്പലകയുടെ അവശിഷ്ടങ്ങൾ പിന്നീട് തറവാട്ടുകാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഈ അപൂർവ്വ പെട്ടി ശ്രദ്ധയിൽ പെട്ടത്. അപൂർവ്വമായി ലഭിച്ച ഈ പുരാതന വസ്തുക്കൾ തറവാട്ടിൽ തന്നെ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇതിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.