കെപിസിസി ആസ്ഥാനത്ത് വനിതാ എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച വിവാദത്തിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തന്റെ രോഗാവസ്ഥയും അദ്ദേഹം ആദ്യമായി വെളിപ്പെടുത്തി.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്ന് ഇന്ദിരാഭവനിൽ ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതായും അനൗചിത്യമുണ്ടായെങ്കിൽ പൊറുക്കണമെന്നും അദ്ദേഹം കുറിച്ചു.
അമ്പത് വർഷം മുമ്പ് രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതായി അദ്ദേഹം വെളിപ്പെടുത്തി. ഇതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകരാറിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ട് മാത്രമാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ തന്നെ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. തനിക്ക് ആശ്വാസമരുളിയ അഭ്യുദയകാംക്ഷികൾക്ക് നന്ദിയും അറിയിച്ചു.
മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി അന്നുതന്നെ ചെറിയാൻ ഫിലിപ്പിന്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവുമില്ലെന്ന് പറഞ്ഞിരുന്നു. ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ഇത് സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് അഭിപ്രായപ്പെട്ടു.
യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗത്തിനിടെയായിരുന്നു സംഭവം.