Thanks for watching! Content unlocked for this session.

സിപിഎം സൈബര്‍ കമ്മികളും കൊലവിളിയും: ജയ്ഹിന്ദ് ക്യാമറാമാന് ഭീഷണി

നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ജോജിക്ക് നേരെ സിപിഎം സൈബർ ഗ്രൂപ്പുകൾ കൊലവിളി ഉയർത്തി. ഷൗക്കത്തലി ഐപിഎസിന്റെ നേതൃത്വത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ഭീഷണികൾ രൂക്ഷമായത്.

പോലീസ് ജീപ്പിനുള്ളിൽ ഇരുന്നുകൊണ്ട് നീളമുള്ള വടികളുമായി പോലീസുകാരെ മാറ്റി നിർത്തി ഗൺമാന്മാർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ജോജിയാണ് ആദ്യമായി പകർത്തി പുറത്തുവിട്ടത്. മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേസ് നിയമസഭയിൽ വരെ ചർച്ചയായി. എന്നാൽ പുതിയ അന്വേഷണ സംഘം രംഗത്തെത്തിയതോടെ പ്രതികളും അവരെ സംരക്ഷിക്കുന്നവരും മുൾമുനയിലാണ്.

തുടക്കത്തിൽ സൗമ്യമായ ഉപദേശ രൂപത്തിലായിരുന്നു ഭീഷണി. പരിചയക്കാരായ പോലീസുകാർ തന്നെ വിളിച്ച് കേസിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടു. പിന്നീട് പാണ്ടിലോറി കയറ്റി കൊല്ലുമെന്നും വെട്ടിക്കളയുമെന്നുമുള്ള പരോക്ഷ വധഭീഷണികളായി ഇത് മാറി. സിപിഎം സൈബർ ഗ്രൂപ്പുകളിലും സമാനമായ ഭീഷണികൾ ഉയർന്നു.

കൊടിസുനിയെയും ദിലീപിനെയും പോലുള്ള ക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന ഷൗക്കത്തലിക്കും ഡിവൈഎസ്പി ബൈജു പൗലോസിനും മുന്നിലാണ് ഈ ഭീഷണി നാടകങ്ങൾ എത്തുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ അന്വേഷണം തന്നെയാകും ഉണ്ടാകുക എന്നാണ് സൂചന. ഗൺമാന്മാർക്ക് തണലൊരുക്കിയ ഉന്നതരെ കണ്ടെത്തുക എന്ന കടുത്ത വെല്ലുവിളി കൂടി പുതിയ അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.