Thanks for watching! Content unlocked for this session.

സിപിഎമ്മിൽ ആഭ്യന്തര കലഹം; കൊല്ലത്ത് നേതൃത്വത്തിനെതിരെ അണികളുടെ പ്രതിഷേധം

കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ സിപിഎം അണികൾ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ ദാക്ഷിണ്യമില്ലാത്ത ആഭ്യന്തര വിമർശനമാണ് യോഗത്തിൽ ഉയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമായി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇഡി അന്വേഷണം വന്നാൽ അതിന് കാവൽ നിൽക്കാനും തല്ലുകൊള്ളാനും താഴെത്തട്ടിലുള്ള പാർട്ടിക്കാരെ വിളിക്കരുതെന്ന് അണികൾ തുറന്നടിച്ചു. പിണറായി വിജയന്റെ പടം മാത്രം വെച്ച് നാട്ടിൽ സ്ഥാപിച്ച വലിയ ഫ്ലക്സ് ബോർഡുകൾ ജനങ്ങളിൽ വെറുപ്പുണ്ടാക്കിയെന്നും ഇത്തരം പ്രചരണതന്ത്രം ഉപദേശിച്ച പിആർ കമ്പനിയെക്കുറിച്ച് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.

എംവി ഗോവിന്ദന്റെ കുടുംബരാഷ്ട്രീയവും ഇരട്ടത്താപ്പും യോഗത്തിൽ കടുത്ത വിചാരണയ്ക്ക് വിധേയമായി. പാർട്ടിയിൽ ആദർശം പ്രസംഗിക്കുകയും പ്രവർത്തിയിൽ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. കണ്ണൂരിലെ പ്രാദേശിക പ്രശ്നങ്ങളും ഫണ്ട് വിവാദങ്ങളും പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതും യോഗത്തിൽ ചർച്ചയായി. തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ പ്രസ്ഥാനത്തിന്റെ തകർച്ച പൂർണമാകുമെന്ന മുന്നറിയിപ്പാണ് ഈ യോഗം നൽകുന്നത്.