റോഡിൽ വഴിമാറി കൊടുക്കാത്തതിന്റെ പേരിൽ വയനാട് കൽപ്പറ്റ സ്വദേശിയായ നൗഷാദ് എന്ന ഹൃദ്രോഗിയെ സിപിഎം പ്രാദേശിക നേതാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ഒക്ടോബർ 26-ന് വയനാട് കമ്പളക്കാട് റോഡിൽ വെച്ചായിരുന്നു സംഭവം. റോങ്ങ് സൈഡിൽ വാഹനം ഓടിച്ചെത്തിയ സിപിഎം നേതാവ്, തന്റെ വശത്തു കൂടെ കൃത്യമായി വന്ന നൗഷാദിനോട് വണ്ടി പിന്നോട്ട് എടുക്കാൻ ആവശ്യപ്പെടുകയും അതിന് വിസമ്മതിച്ചതോടെ മർദ്ദിക്കുകയുമായിരുന്നു.
ഒരു മാസം മുൻപ് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും അക്രമി പിന്മാറിയില്ലെന്ന് നൗഷാദിന്റെ കുടുംബം പറയുന്നു. നൗഷാദിന്റെ കാറിന്റെ ഡോർ ഹാൻഡിൽ തകർക്കുകയും, അദ്ദേഹത്തെ കഴുത്തിന് പിടിച്ച് ഉയർത്തി കാറിന്റെ ബോണറ്റിൽ തലയടിപ്പിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവ് നൗഷാദിനെ റോഡരികിലെ കല്ലിലേക്ക് തള്ളിയിടുകയും ചെയ്തു.
സംഭവത്തിൽ കൽപ്പറ്റ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കുടുംബം ആരോപിക്കുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൊഴി നൽകാൻ സ്റ്റേഷനിലെത്തിയ ഹൃദ്രോഗിയായ നൗഷാദിനെ വൈകുന്നേരം 5 മണി വരെ കാത്തിരുത്തിച്ചു. ആദ്യമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കൃത്യമായി മൊഴി രേഖപ്പെടുത്താൻ തയ്യാറായില്ലെന്നും പിന്നീട് പൊതുപ്രവർത്തകർ ഇടപെട്ട ശേഷമാണ് മൊഴിയെടുത്തതെന്നും ബന്ധുക്കൾ പറയുന്നു. നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.