വിമാനത്താവളങ്ങളിലെ അതീവ സുരക്ഷാ മേഖലകളിൽ മുൻകൂർ അനുമതിയില്ലാതെ റീൽസുകളും വ്ലോഗുകളും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ ചിത്രീകരിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കർശന വിലക്കേർപ്പെടുത്തി. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും അബദ്ധത്തിൽ പോലും ക്യാമറകളിൽ പതിയാതിരിക്കാനും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് തടയാനുമാണ് ഈ പുതിയ നടപടി.
പുതിയ നിയമപ്രകാരം സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, ബോർഡിംഗ് ഗേറ്റുകൾ, റൺവേ, ബസുകൾ, ഏപ്രൺ, എയർക്രാഫ്റ്റ് ഹാൻഡ്‌ലിംഗ് സോണുകൾ തുടങ്ങിയ നിയന്ത്രിത മേഖലകളിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ പാടുള്ളതല്ല. നിയമം ലംഘിക്കുന്നവരിൽ നിന്ന് വൻ തുക പിഴ ഈടാക്കാനും മൊബൈൽ ഫോണുകളും ക്യാമറകളും കണ്ടുകെട്ടാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. ഗുരുതരമായ നിയമലംഘനം നടത്തുന്ന യാത്രക്കാരെ ഡിജിസിഎയുടെ ‘നോ ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തി താൽക്കാലികമായോ സ്ഥിരമായോ യാത്രാവിലക്ക് ഏർപ്പെടുത്താനും ശുപാർശ ചെയ്യും.
പരസ്യങ്ങൾ, സിനിമകൾ, ഡോക്യുമെന്ററികൾ അല്ലെങ്കിൽ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നവർ എയർപോർട്ട് മാനേജ്‌മെന്റിൽ നിന്നും സുരക്ഷാ ഏജൻസികളിൽ നിന്നും ഔദ്യോഗികമായി മുൻകൂർ അനുമതി വാങ്ങിയിരിക്കണം. വിമാനത്താവളങ്ങളിലെ പൊതുയിടങ്ങളിൽ വെച്ച് ഫോട്ടോകൾ എടുക്കുമ്പോൾ പോലും യാത്രക്കാർ സുരക്ഷാ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.