മകളുടെ ജനനത്തിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചും മദ്യപാനവും മയക്കുമരുന്നും പൂർണ്ണമായി ഉപേക്ഷിച്ചതിനെക്കുറിച്ചും മനസ്സ് തുറന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു അഭിമുഖത്തിലാണ് താരം തന്റെ പഴയകാല ശീലങ്ങളെക്കുറിച്ചും അതിൽ നിന്നും മോചനം നേടി പുതിയൊരു മനുഷ്യനായി മാറിയതിനെക്കുറിച്ചും വെളിപ്പെടുത്തിയത്.
മുൻപ് പലതവണ തന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ കരഞ്ഞുകൊണ്ട് പുകവലിയും മറ്റ് മോശം ശീലങ്ങളും നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധ്യാൻ ഓർത്തു. ഭാര്യ അർപ്പിതയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും, മകൾ ജനിച്ചതോടെയാണ് ജീവിച്ചിരിക്കണമെന്ന ബോധോദയം ഉണ്ടായതെന്നും അവളുടെ വളർച്ചയും വിവാഹവുമൊക്കെ കാണാൻ വേണ്ടിയാണ് താൻ പൂർണ്ണമായി മദ്യപാനവും സിന്തറ്റിക് ഡ്രഗ്സും ഉപേക്ഷിച്ചതെന്നും ധ്യാൻ വ്യക്തമാക്കി. ചെന്നൈയിലുണ്ടായിരുന്ന കാലത്തെ മദ്യപാന ശീലങ്ങളെക്കുറിച്ചും താരം അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
തന്റെ അഭിനയജീവിതത്തെ ഒരു റീഹാബ് പോലെയാണ് കാണുന്നതെന്നും ധ്യാൻ പറഞ്ഞു. കൂടാതെ, ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ ‘നദികൾ സുന്ദരി യമുന’ എന്ന സിനിമ കാണാൻ അച്ഛൻ ശ്രീനിവാസൻ വീൽചെയറിൽ എത്തിയതിനെക്കുറിച്ചും സിനിമ കണ്ട് അച്ഛന് ഇഷ്ടമായെന്ന് അമ്മ വിളിച്ച് പറഞ്ഞതിലുണ്ടായ സന്തോഷവും ധ്യാൻ പങ്കുവെച്ചു. സിനിമയെക്കുറിച്ച് അച്ഛനുമായി വലിയ ചർച്ചകൾ ഉണ്ടാകാറില്ലെന്നും സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛൻ എപ്പോഴും നൽകാറുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു.