Thanks for watching! Content unlocked for this session.

5 സെന്റിമീറ്റര് നീളവും 3 സെന്റിമീറ്റര് വീതിയും വരുന്ന മരകഷ്ണങ്ങൾ പുറത്തെടുത്ത് ഡോ. അജിത് കുമാർ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ഒരു രോഗിയുടെ കാലിൽ നിന്ന് 5 സെന്റിമീറ്റർ നീളവും 3 സെന്റിമീറ്റർ വീതിയും വരുന്ന മരക്കഷ്ണങ്ങൾ വിജയകരമായി പുറത്തെടുത്തു.

ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ 57 കാരനായ വി മധു എന്നയാൾ മാർച്ച് 21ന് മരത്തിൽ നിന്ന് വീണ് ഇടതുകാലിൽ പരിക്കേറ്റതിനെ തുടർന്നാണ് ചികിത്സ തേടിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. അവിടെ എക്സ്റേ എടുത്ത് തുന്നലിട്ട് മൂന്നു ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

എന്നാൽ ഒന്നിലധികം മാസം ഡ്രസ്സിങ് ചെയ്തിട്ടും മുറിവിൽ നിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടിരുന്നു. തുടർന്നാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധൻ ഡോ. വി എസ് അജിത് കുമാറിനെ കാണാൻ റഫർ ചെയ്തത്.

ഡോ. അജിത് കുമാർ രോഗിയെ അഡ്മിറ്റ് ചെയ്ത് ആന്റിബയോട്ടിക്കുകൾ നൽകിയ ശേഷം ഏപ്രിൽ 25ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടെയാണ് രണ്ടു മാസമായി മുറിവിനകത്ത് കുടുങ്ങിക്കിടന്ന മരക്കഷ്ണങ്ങൾ കണ്ടെത്തി പുറത്തെടുത്തത്. ഡോ. ബി എ ഫിറോസ്, ഡോ. നിതിൻ ശരൺ എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു.

മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവാണ് ഈ സംഭവമെങ്കിലും, സർക്കാർ ജില്ലാ ആശുപത്രികളിൽ മികച്ച ഡോക്ടർമാരും മികച്ച ചികിത്സയും ലഭിക്കുന്നുണ്ട് എന്നതിന്റെ തെളിവാണിത്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നേരാംവണ്ണം ചികിത്സിക്കില്ല എന്ന മുൻവിധി മാറ്റിവെക്കേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.