സി.എം.ആർ.എൽ-എക്സാലോജിക് ദുരൂഹ പണമിടപാട് അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന റെയ്ഡിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ ഇ.ഡി നീക്കം തുടങ്ങി. സംഭവത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. ഡി.വൈ.എഫ്.ഐ നേതാവ് ഐ.പി ബിനുവും സംഘവും കേസിൽ പ്രതിക്കൂട്ടിലായതോടെ അന്വേഷണം അണിയറയിലെ പ്രമുഖരിലേക്ക് നീങ്ങുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് നടന്നത് സ്വാഭാവിക ജനകീയ പ്രതിഷേധമല്ലെന്നും, മറിച്ച് റെയ്ഡ് തടസ്സപ്പെടുത്താനും ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും ആസൂത്രണം ചെയ്ത ഗുണ്ടാ ആക്രമണമാണെന്നും കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥർ ഇ.ഡി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കലാപ ആഹ്വാനത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഐ.പി ബിനുവിനെതിരെ ശക്തമായ നിയമനടപടികൾക്കാണ് ഇ.ഡി ഒരുങ്ങുന്നത്. കൂടാതെ, റെയ്ഡിന് സാക്ഷികളായി കൊണ്ടുവന്ന ബാങ്ക് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ എ. റഹീമിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായതായും ഇ.ഡി അതീവ ഗൗരവത്തോടെ കാണുന്നു.
നിലവിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെ മ്യൂസിയം പോലീസ് കേസെടുക്കുകയും 25 സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ യഥാർത്ഥ സൂത്രധാരന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കേന്ദ്രസേന റിപ്പോർട്ട് നൽകിയിട്ടുണ്ട്. നടന്നത് വ്യക്തമായ ഗൂഢാലോചനയുള്ള സംഘടിത ആക്രമണമാണെന്ന തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനുള്ള ഇ.ഡിയുടെ നീക്കങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.