തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘം എത്തുന്നു. സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയും അവരുടെ ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്തിരുന്നു. ഈ ഗുണ്ടായിസത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഉന്നത സിപിഎം നേതാക്കളുടെ അറിവോടെയും പ്രകോപനത്തോടെയുമാണ് ആക്രമണം നടന്നതെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളി. യാതൊരു പ്രകോപനവുമില്ലാതെ കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചത് അപൂർവ്വമായ കേസായി കണക്കാക്കണമെന്നും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടതുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച ഉന്നത നേതാക്കളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് ഇഡി.