മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സജീവമായി പരിശോധിക്കുന്നു. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനോ നേരിട്ട് അറസ്റ്റ് ചെയ്യാനോ ഉള്ള നിയമപരമായ നടപടികളാണ് കേന്ദ്ര ഏജൻസി പരിഗണിക്കുന്നത്.
ഇതിനകം 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇഡി മരവിപ്പിച്ചു. കൊച്ചി ഓഫീസിൽ ഉദ്യോഗസ്ഥർ റേഡിൽ പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും വിശകലനം ചെയ്തുവരികയാണ്. ഹൈക്കോടതി ഇഡിയുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളിയതോടെ നിയമതടസ്സങ്ങൾ നീങ്ങി. വീണ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നും ഇഡി അതിനെ ശക്തമായി എതിർക്കുമെന്നും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.