കായംകുളം കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ അയൽവാസി പ്രകാശൻ അറസ്റ്റിലായി. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായിട്ടാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് കൈയും കാലും ബന്ധിച്ച് കല്ല് കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തങ്കമ്മയുടെ സഹായം അഭ്യർഥിച്ചതനുസരിച്ച് ഗ്യാസ് സിലിണ്ടർ എടുത്തു വെക്കാൻ എത്തിയതായിരുന്നു പ്രകാശൻ. പിന്നീട് കനത്ത മഴയുള്ള രാത്രിയിൽ വീണ്ടും വീട്ടിലെത്തി ടിവി കണ്ടുകൊണ്ടിരുന്ന തങ്കമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്വർണാഭരണങ്ങൾ കവർന്ന പ്രതി, മൃതദേഹം കായലിൽ ഉപേക്ഷിച്ചു. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നതിനിടെ പ്രകാശന്റെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകം പുറത്തായത്. കവർച്ച ചെയ്ത സ്വർണം വിറ്റ കടയിലും വീട്ടിലും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും.