തിരുവല്ല കൊടിയാടിയിലെ ചിക്കൻ സെന്ററിൽ നടന്ന മോഷണം സിസിടിവിയിൽ പതിഞ്ഞു. ഒരാഴ്ച മുമ്പ് ജോലിക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്.
ജോർജ് ജോസഫിന്റെ ഉടമസ്ഥതയിൽ കൊടിയാടി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇടക്കുന്നിൽ ചിക്കൻ സെന്ററിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി ഉടമ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മേശയുടെ അറകളും ഫ്രീസറും കുത്തിത്തുറന്ന നിലയിലായിരുന്നു. ഫയലുകൾ ഉൾപ്പെടെയുള്ളവ വാരിവലിച്ചിട്ട നിലയിലും സിസിടിവികളിൽ ഒരെണ്ണം തകർത്തിട്ടുമുണ്ട്.
ഒഡീഷ സ്വദേശി ചന്ദ്രകാന്ത് ജനയാണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് ഇയാൾ സ്ഥാപനത്തിൽ ജോലിക്കായി എത്തിയത്. സംഭവ ദിവസം രാവിലെ ഉടമ ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് നിലയിലായിരുന്നു. തുടർന്ന് ഉടമയുടെ മകൻ ഇയാളുടെ താമസ സ്ഥലത്ത് എത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ സംഭവം സംബന്ധിച്ച് അറിവില്ല എന്ന മറുപടി നൽകി.
എന്നാൽ പിന്നീട് ചന്ദ്രകാന്ത് ജന കടയിലെത്തുകയും സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ സംഭവത്തിനു പിന്നിൽ ഇയാൾ തന്നെയാണെന്ന് വ്യക്തമാവുകയുമായിരുന്നു. ഉടമയുടെ പരാതിയിൽ സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നാമമാത്രമായ തുക മാത്രമാണ് നഷ്ടമായത്.