കോതമംഗലം കാപ്പൂച്ചിറയിൽ ചിറയിലെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന രണ്ടര വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് പത്തുവയസ്സുകാരിയായ ഫാത്തിമ സെഹ്റ മാതൃകയായി. മലപ്പുറത്തുനിന്നെത്തി അബദ്ധത്തിൽ ചിറയിൽ വീണുപോയ കുഞ്ഞിനെയാണ് ഫാത്തിമ സ്വന്തം ജീവൻ പണയപ്പെടുത്തി വെള്ളത്തിൽ നിന്നും കരയ്ക്കെത്തിച്ചത്.
സൈക്കിൾ ചവിട്ടി വരുന്നതിനിടയിലാണ് വെള്ളത്തിൽ ഒരു കൈ പൊങ്ങിനിൽക്കുന്നത് ഫാത്തിമയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒട്ടും സമയം കളയാതെ ചിറയിലിറങ്ങി കുഞ്ഞിനെ കരയിലെത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ തോളിലിട്ട് തട്ടി വെള്ളം പുറത്തു കളഞ്ഞതോടെയാണ് കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയത്.
നാല് വയസ്സ് മുതൽ നീന്തൽ പഠിച്ച പരിചയസമ്പത്താണ് ഫാത്തിമയ്ക്ക് ഈ രക്ഷാപ്രവർത്തനത്തിൽ തുണയായത്. കുട്ടിയുടെ ജീവൻ രക്ഷിച്ച ഫാത്തിമയ്ക്ക് വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് വലിയ സ്വീകരണവും ട്രോഫികളും നൽകി ആദരിച്ചു.