Thanks for watching! Content unlocked for this session.

ആധാർ കാർഡുള്ളവർ ചെയ്യേണ്ട 4 നിർബന്ധിത കാര്യങ്ങൾ

ആധാർ കാർഡുള്ളവർ തങ്ങളുടെ രേഖകൾ കൃത്യമായി നിലനിർത്തുന്നതിനായി ചെയ്യേണ്ട നാല് പ്രധാനപ്പെട്ട കാര്യങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞവരും, ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും ഈ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്.

ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞിട്ടുള്ളവർ നിർബന്ധമായും തങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ആധാറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുള്ളവർക്ക് ഓൺലൈൻ വഴി നിലവിൽ സൗജന്യമായി ഇത് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് ചെയ്യുന്നതെങ്കിൽ 75 രൂപ ഫീസ് നൽകണം. കൂടാതെ, വിവിധ സർക്കാർ ആനുകൂല്യങ്ങൾക്കും ഒ.ടി.പി സേവനങ്ങൾക്കുമായി നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ 75 രൂപയാണ് നിരക്ക് ഈടാക്കുന്നത്.

ആധാറിലെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവയിൽ തെറ്റുകളുണ്ടെങ്കിൽ അവ എത്രയും വേഗം തിരുത്തേണ്ടതാണ്. ജനനത്തീയതി തിരുത്തുന്നതിനായി ഇപ്പോൾ പാസ്പോർട്ട്, ബർത്ത് സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നീ മൂന്ന് രേഖകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതോടൊപ്പം, അഞ്ചാം വയസ്സിലും 15-ാം വയസ്സിലും ചെയ്യേണ്ട നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ പൂർത്തിയാക്കാത്തവർ അത് ഉടൻ ചെയ്യണം. എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ തങ്ങളുടെ 15-ാം വയസ്സിലെ ബയോമെട്രിക് അപ്ഡേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഭാവിയിൽ റേഷൻ കാർഡ് ഉൾപ്പെടെയുള്ള സേവനങ്ങളിൽ വിരലടയാളം പതിയാതിരിക്കാനും ആധാർ റദ്ദാകാനും സാധ്യതയുണ്ട്.