മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സോളാർ കേസിൽ രണ്ട് നിർണായക മൊഴികൾ പുറത്തുവന്നു. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഈ മൊഴികൾ നൽകിയിരിക്കുന്നത്.
തൃശ്ശൂർ എസിപി കെ എ മുഹമ്മദ് നിസാറിന്റെ മൊഴി അനുസരിച്ച്, 2013ൽ സോളാർ കേസ് പ്രതി അട്ടക്കുളങ്ങര ജയിലിൽ ആയിരിക്കെ എഴുതിയ കത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയോ കോൺഗ്രസ് നേതാക്കളുടെയോ പേര് ഉണ്ടായിരുന്നില്ല. ആ കത്തിൽ ബിജു രാധാകൃഷ്ണനും ശാലുമേനോനും മാത്രമായിരുന്നു പ്രതികൾ. ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയുടെ ഭാഗമായി പിന്നീട് ചേർക്കപ്പെട്ടതാണെന്നും നിസാർ മൊഴി നൽകി.
രണ്ടാമത്തെ മൊഴി കെപിസിസി അംഗം സി ആർ നജീബിന്റേതാണ്. 2015 മെയ് മാസത്തിൽ പത്തനാപുരം പാർട്ടി ഓഫീസിൽ വെച്ച് ഗണേഷ് കുമാർ തന്നെയും അതിജീവിതയെയും വിളിച്ചുവരുത്തിയതായും, ഉമ്മൻചാണ്ടിയെ സോളാർ കേസിൽ ഉൾപ്പെടുത്തണമെന്ന് അതിജീവിതയോട് ആവശ്യപ്പെട്ടതായും നജീബ് മൊഴി നൽകി. തന്നെ മന്ത്രിസഭയിൽ തിരികെ എടുക്കുന്നതിനായി ഉമ്മൻചാണ്ടിക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്നും, ഉമ്മൻചാണ്ടിയെ കേസിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ആ പദ്ധതി നടക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞതായി മൊഴിയിൽ വ്യക്തമാക്കുന്നു.
ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ഗണേഷ് കുമാറിനെതിരെ വിചാരണ പുരോഗമിക്കുകയാണ്. ഈ രണ്ടു മൊഴികളും ചേരുമ്പോൾ മുൻമന്ത്രി ഗണേഷ് കുമാർ അഴിയെണ്ണുമെന്നുള്ളതിൽ സംശയമില്ലെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉമ്മൻചാണ്ടി എന്ന വലിയ മനുഷ്യന്റെ ജീവിതം തകർത്തവർ ഇനി എത്ര വർഷം കഴിഞ്ഞാലും സ്വസ്ഥമായി ഉറങ്ങാൻ പോകുന്നില്ല എന്നും, അവർ ഉണ്ടാക്കിയത് വ്യാജവാർത്തകളായിരുന്നു എന്നുമാണ് വിലയിരുത്തൽ.